5ജി സ്പെക്ട്രം ലേലം: തരംഗമായി ജിയോ
text_fieldsന്യൂഡൽഹി: അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ (5ജി) ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സ്പെക്ട്രം (റേഡിയോ തരംഗം) ലേലം രണ്ടാം ദിനത്തിലേക്കു കടന്നു. ബുധനാഴ്ച ഒമ്പതു റൗണ്ട് ലേലം പൂർത്തിയായതോടെ 1,49,454 കോടിയുടെ സ്പെക്ട്രം വിറ്റഴിച്ചതായി വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആണ് ലേലത്തിൽ ഏറെ മുന്നിൽ. ലേലത്തിന്റെ പൂർണ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 80,100 കോടി രൂപ വിലമതിക്കുന്ന ഏറ്റവും ഉയർന്ന തരംഗത്തിനായി ജിയോ ശക്തമായ മത്സരമാണ് നടത്തുന്നതെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ വിശകലന വിദഗ്ധർ വിലയിരുത്തി. പ്രീമിയം 700 മെഗാഹെട്സ് ബാൻഡിൽ 10 മെഗാഹെട്സ് സ്‌പെക്‌ട്രം റിലയൻസിന് ലഭിച്ചതായാണ് സൂചന. 14,000 കോടി മുൻകൂറായി കെട്ടിവെച്ചതിനാൽ പ്രീമിയം തലത്തിലുള്ള 700 മെഗാഹെട്സ് സ്പെക്ട്രം ലഭിക്കുന്നതിനായുള്ള യോഗ്യത റിലയൻസ് ജിയോ നേരത്തേ നേടിയിരുന്നു.
അതേസമയം, സുനിൽ ഭാരതി മിത്തലിന്റെ ഭാരതി എയർടെൽ, ഗൗതം അദാനിയുടെ അദാനി ഡേറ്റ നെറ്റ്‍വർക്സ്, വോഡഫോൺ എന്നീ കമ്പനികളും ലേലത്തിൽ സജീവമായി രംഗത്തുണ്ട്. 45,000 കോടി വിലമതിക്കുന്ന 2100 മെഗാഹെട്സ് ബാൻഡിൽ 1800 മെഗാഹെട്സ് സ്പെക്ട്രം ഭാരതി എയർടെല്ലിന് ലഭിക്കാനാണ് സാധ്യത.
നേരത്തേ പ്രതീക്ഷിച്ചതിനേക്കാൾ 20 ശതമാനം അധികം തുകയാണ് ഭാരതി എയർടെൽ ഇത്തവണ ഇതിനായി ചെലവഴിച്ചത്. 18,400 കോടി വിലമതിക്കുന്ന സ്പെക്ട്രം വോഡഫോണിന് ലഭിച്ചേക്കും. അദാനി നെറ്റ്‍വർക്സ് പാൻ ഇന്ത്യ തലത്തിലുള്ള 26 ജിഗാഹെട്സ് സ്പെക്ട്രം തിരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. 20 സർക്കിളുകളിലായി (ഡൽഹി, കൊൽക്കത്ത ഒഴികെ) 26 ജിഗാഹെട്സ് സ്പെക്ട്രമാണ് അദാനി സ്വന്തമാക്കുക. 3350 മെഗാഹെട്സ് സ്പെക്ട്രത്തിനായി ആകെ 900 കോടിയാണ് അദാനി ഇതുവരെ ചെലവിട്ടത്.
ചൊവ്വാഴ്ച ആരംഭിച്ച ആദ്യദിന ലേലത്തിന്റെ നാലു റൗണ്ട് പൂർത്തിയായപ്പോൾ 1.45 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം വിറ്റഴിഞ്ഞിരുന്നു. നിലവിലെ മൊത്തത്തിലുള്ള ലേലമൂല്യം കണക്കാക്കിയാൽ ഈ സാമ്പത്തിക വർഷത്തിൽ സർക്കാറിന് 13,000 കോടി രൂപ മുൻകൂറായി നേടാനാകും. അടുത്ത 19 വർഷത്തേക്ക് സമാനമായ തുക പ്രതിവർഷം ലഭിക്കുകയും ചെയ്യും. 4.3 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 72 ജിഗാഹെട്സ് 5ജി സ്പെക്ട്രമാണ് ഇത്തവണ വിൽപനക്കുള്ളത്. ലേലം വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.