2030ഓടെ ഇന്ത്യയിലെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയാകും; ശരാശരി ഡേറ്റ ഉപയോഗം പ്രതിമാസം 66 ജി.ബിയും
text_fieldsന്യൂഡൽഹി: 2030ഓടെ രാജ്യത്തെ 5ജി സബ്സ്ക്രിപ്ഷൻ 97 കോടിയായി ഉയരുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. ആകെ മൊബൈൽ സബ്സ്ക്രിപ്ഷന്റെ 74 ശതമാനം വരുമിത്. ഈ വർഷം ഒടുവിൽത്തന്നെ ഇത് 27 കോടിയാകും. ഓരോ സ്മാർട്ട്ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡേറ്റ 32 ജി.ബിയാണ്. ഇത് 2030ഓടെ 66 ജി.ബിയായി ഉയരും. ഈ വർഷം ഒടുവിലേക്ക് രാജ്യത്തെ 95 ശതമാനം ജനങ്ങൾക്കും മിഡ്-ബാൻഡ് കവറേജും ലഭ്യമാകും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന 67 ശതമാനം പേരും ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകൾ ഓരോ ആഴ്ചയിലും ഉപയോഗിക്കുന്ന നിലയിലേക്ക് മാറും. കൂടുതൽ മികച്ച രീതിയിൽ പ്രതികരിക്കുന്ന ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകൾ വേണമെന്ന് ജെൻ-സീ തലമുറ ഉപയോക്താക്കൾ ആവശ്യപ്പെടുന്നതായി എറിക്സൺ കൺസ്യൂമർലാബ് റിസർച്ചിൽ പറയുന്നു. കഴിഞ്ഞ വർഷം 5ജി അവതരിപ്പിച്ച ടയർ ത്രീ സിറ്റികളിൽ ഈ വർഷം കവറേജ് ഇരട്ടിയായിട്ടുണ്ട്. കൂടുതൽ പേരെ ഡിജിറ്റൽ സങ്കേതങ്ങളിലേക്ക് ഉൾപ്പെടുത്താനായെന്നതിന്റെ തെളിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
മികച്ച നെറ്റ്‍വർക് ലഭിക്കാനായി ആളുകൾ കൂടുതൽ പണം മുടക്കാൻ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷനുകളുടെ മികച്ച പ്രകടനത്തിനും മെച്ചപ്പെട്ട നെറ്റ്‍വർക് കണക്ടിവിറ്റി ആവശ്യമാണ്. നിലവിൽ നൽകുന്നതിനേക്കാൾ 20 ശതമാനം വരെ അധിക തുക മുടക്കാൻ ഉപയോക്താക്കൾ തയാറാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ നെറ്റ്‍വർക് കണക്ടിവിറ്റി കൂടുതൽ ഇടങ്ങളിലേക്ക് എത്തുമെങ്കിലും ഇതിനായി ഉപയോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.