ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിഡിയോ ഗെയിം ഡെവലപ്പർ; ആറ് വയസുകാരിക്ക് ഗിന്നസ് റെക്കോർഡ്
text_fieldsലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിഡിയോ ഗെയിം ഡെവലപ്പറായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ (ജി.ഡബ്ല്യു.ആർ) ഇടംപിടിച്ച് സിമർ ഖുറാന എന്ന ആറുവയസ്സുകാരി. തന്റെ ആദ്യ വിഡിയോ ഗെയിം സൃഷ്ടിക്കുമ്പോൾ ആറ് വർഷവും 335 ദിവസവുമായിരുന്നു സിമറിന്റെ പ്രായം. കാനഡയിലെ ഒന്റാറിയോയിൽ താമസിക്കുന്ന അവൾ ആഴ്ചയിൽ മൂന്ന് ക്ലാസുകളായാണ് കോഡിങ് പഠിക്കാൻ തുടങ്ങിയത്.
ഇത്രയും ചെറിയ പ്രായത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലോകത്തേക്ക് പ്രവേശിക്കാൻ സിമറിന് കഴിയില്ലെന്ന് പറഞ്ഞ് പല കോഡർമാരും കൈയ്യൊഴിഞ്ഞപ്പോഴും അവളുടെ പിതാവ് പരസ് ഖുറാന ഒരു അധ്യാപകനെ തേടുകയും കോഡിങ് ആരംഭിക്കാൻ അവളെ സഹായിക്കുകയും ചെയ്തു.
"യൂട്യൂബ് വീഡിയോകൾ കണ്ട് സിമർ സ്വന്തമായി ഗണിതം പഠിച്ചു. കിന്റർഗാർട്ടനിൽ പഠിക്കുമ്പോൾ തന്നെ ഗ്രേഡ് 3 കണക്ക് പഠിക്കാൻ അവൾക്ക് സാധിച്ചു. കൈയിലുള്ളതെല്ലാം ഉപയോഗിച്ച് അവൾ കരകൗശല വസ്തുക്കളും ഗെയിമുകളും ഉണ്ടാക്കാറുണ്ട്, ചിലപ്പോൾ വെറും വേസ്റ്റ് പേപ്പർ ഉപയോഗിച്ച് വരെ. അവൾക്ക് അത്തരം കഴിവുകൾ ഉള്ളതിനാൽ സ്വാഭാവികമായും കോഡിങ്ങിൽ മികവ് പുലർത്തുമെന്ന് എനിക്ക് തോന്നി. അതിനാൽ, ഒരു ഡെമോ കോഡിങ് ക്ലാസ് പരീക്ഷിക്കാൻ ഞാൻ അവളെ പ്രേരിപ്പിച്ചു, അത് അവൾക്ക് ഇഷ്ടമാവുകയും ചെയ്തു!" - " പിതാവ് പരസ് ഖുറാന ജി.ഡബ്ല്യൂ.ആറിനോട് പറഞ്ഞു.
സിമർ സൃഷ്ടിച്ച ആദ്യ ഗെയിം ‘ഹെൽത്തി ഫുഡ് ചലഞ്ച്’ എന്നതായിരുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് നിർത്താൻ ഒരു ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അവൾ ഈ ആശയം മുന്നോട്ട് വച്ചത്. "എന്നോട് ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞു, അതിനാൽ ആരോഗ്യകരമായ ഭക്ഷണത്തെയും ജങ്ക് ഫുഡിനെയും കുറിച്ച് ഒരു ഗെയിം ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു," -അവൾ GWR-നോട് പറഞ്ഞു.
ആരോഗ്യകരവും അനാരോഗ്യകരവുമായ ഭക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് തന്നെപ്പോലുള്ള കുട്ടികളെ മനസിലാക്കാനാണ് സിമർ തന്റെ ഗെയിമിലൂടെ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.