ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത അപകടകാരികളായ എട്ട് ആൻഡ്രോയ്ഡ് ആപ്പുകൾ
text_fieldsയൂസർമാരുടെ ഇഷ്ടത്തിന് അനുസരിച്ച് വഴങ്ങിക്കൊടുക്കുന്ന മൊബൈൽ ഒാപറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. ഉപയോഗിക്കാനുള്ള എളുപ്പവും പരിഷ്കരിക്കാനുള്ള സൗകര്യങ്ങളുമൊക്കെയുള്ളതിനാൽ ബഹുഭൂരിപക്ഷം വരുന്ന ടെക്നോളജി പ്രേമികളും ആൻഡ്രോയ്ഡ് ആരാധകരാണ്. എന്നാൽ, ആൻഡ്രോയ്ഡിെൻറ ഇൗ തുറന്ന മനസിനെ മുതലെടുക്കുന്നവരും ഏറെയുണ്ട്. ആൻഡ്രോയ്ഡ് യൂസർമാരെ പറ്റിച്ച് ജീവിക്കുന്ന മാൽവെയറുകളും ബ്ലോട്ട്വയറുകളും ഇന്ന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
പ്ലേസ്റ്റോറിൽ നിന്നും ഇടക്കിടെ ഗൂഗ്ൾ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകൾ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്റ്റോറിൽ ഉലാത്തുന്നുണ്ട്. അവർ ആരുമറിയാതെ ചോർത്തുന്ന വിവരങ്ങളും ഡാറ്റകളും എത്രത്തോളമെന്ന് അറിഞ്ഞാൽ കണ്ണ് തള്ളിപ്പോയേക്കും. ഇത്തരത്തിലുള്ള എട്ട് അപകടകാരികളായ ആപ്പുകളെ പരിചയപ്പെട്ടാലോ.... താഴെ പറയുന്ന ആപ്പുകളിൽ ഏതെങ്കിലും വായനക്കാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ എന്നെന്നേക്കുമായി ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും നല്ലത്.
യു.സി ബ്രൗസർ (UC Browser)
ചൈനീസ് ടെക് ഭീമനായ ആലിബാബയുടെ അനുബന്ധ സ്ഥാപനായ യു.സി വെബ്ബിെൻറ കീഴിലുള്ള ബ്രൗസറാണ് യു.സി ബ്രൗസർ. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ബ്രൗസർ എന്നും പറയാം. സൈബർ സുരക്ഷാ അനലിസ്റ്റുകൾ പറയുന്നത് യു.സി ബ്രൗസർ അവരുടെ ഡാറ്റാ ട്രാൻസ്മിഷനുകൾ വേണ്ടവിധം പരിരക്ഷിക്കുന്നില്ല എന്നാണ്. ഇത് യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളോ അല്ലെങ്കിൽ വല്ല ഹാക്കർമാരോ ഉപയോഗിക്കുന്നതിന് കാരണമായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
പകരക്കാർ: ബ്രൈവ് ബ്രൗസർ, മോസില്ല ഫയർഫോക്സ്, ഗൂഗ്ൾ ക്രോം, ഡക്ഡക്ഗോ ബ്രൗസർ, എഡ്സജ് ബ്രൗസർ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്റ്റോറിലുണ്ട്. അവയിൽ ഏതെങ്കിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
ക്ലീനിറ്റ് (CLEANit)
ഫോണിലെ ജങ്ക് ഫയലുകൾ ക്ലീൻ ചെയ്ത് വേഗതയും സ്റ്റോറേജും വർധിപ്പിക്കും എന്ന വാഗ്ദാനം നൽകി പറ്റിക്കുന്ന ആപ്പുകളിൽ ഒന്നാണ് ക്ലീനിറ്റ്. പ്ലേസ്റ്റോറിൽ മില്യൺ കണക്കിന് ഡൗൺലോഡുള്ള ഇൗ ആപ്പിന് പ്രവർത്തിക്കാൻ നാം നൽകേണ്ട പെർമിഷനുകൾ ഒന്ന് പരിശോധിച്ചാൽ തന്നെ ഞെട്ടിപ്പോകും. ഇത്തരം ആപ്പുകൾ മോഡേൺ സ്മാർട്ട്ഫോണുകൾക്ക് ആവശ്യമില്ല എന്ന് മാത്രമല്ല, ഇവ ഡാറ്റ ചോർത്താൻ സാധ്യതയേറെയാണ് എന്നതും ഒാർക്കുക. ഫോണുകൾക്ക് ദോശം വരുത്തുകയല്ലാതെ, യാതൊരുവിധ ഗുണങ്ങളും ഇത്തരം ആപ്പുകൾ പ്രധാനം ചെയ്യുന്നില്ല.
cache ഇടക്കിടെ ക്ലിയർ ചെയ്യുന്നത് ഫോണിനെ സ്ലോ ആക്കുകയാണ് ചെയ്യുന്നത്. അൽപ്പം മെമ്മറി ലഭിക്കുമെങ്കിലും അവ തീർത്തും താൽക്കാലികമാണ്. ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളെ സ്റ്റോപ് ചെയ്ത് ബാറ്ററി ജീവിതം വർധിപ്പിക്കും എന്നതാണ് മറ്റൊരു പൊള്ളയായ വാഗ്ദാനം. എന്നാൽ, അവ ഫോണിെൻറ ബാറ്ററി ലൈഫിൽ കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ല.
പകരക്കാർ: ഇനി നിർബന്ധമായും അത്തരം ആപ്പുകൾ വേണം എന്നാണെങ്കിൽ ഗ്രീനിഫൈ, സിസിക്ലീനർ പോലുള്ള ആപ്പുകൾ ഉപയോഗിക്കാം
ഡോൾഫിൻ ബ്രൗസർ (Dolphin Browser)
ഏറ്റവും ജനപ്രീതി നേടിയ തേർഡ് പാർട്ടി ബ്രൗസറുകളിൽ ഒന്നാണ് ഡോൾഫിൻ ബ്രൗസർ. യൂസർമാരെ രഹസ്യമായി ട്രാക് ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഇൻകോഗ്നിറ്റോ മോഡിൽ അടക്കം യൂസർമാർ സെർച്ച് ചെയ്യുന്നതെല്ലാം ഡോൾഫിൻ ബ്രൗസർ സേവ് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്. വി.പി.എൻ ഉപയോഗിച്ചാൽ പോലും യൂസർമാരുടെ ഒറിജിനൽ െഎ.പി അഡ്രസ്സ് വെളിപ്പെടുത്തുന്നു എന്ന പരാതിയും ഇവർക്കെതിരെയുണ്ട്.
പകരക്കാർ: ബ്രൈവ് ബ്രൗസർ, മോസില്ല ഫയർഫോക്സ്, ഗൂഗ്ൾ ക്രോം, ഡക്ഡക്ഗോ ബ്രൗസർ, എഡ്സജ് ബ്രൗസർ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്റ്റോറിലുണ്ട്. അവയിൽ ഏതെങ്കിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.
വൈറസ് ക്ലീനർ (Virus Cleaner – Antivirus Free & Phone Cleaner)
14 മില്യൺ ഡൗൺലോഡുള്ള ആപ്പാണ് വൈറസ് ക്ലീനർ. സി.പി.യു തണുപ്പിക്കുമെന്നും സൂപ്പർ സ്പീഡ് ബൂസ്റ്ററുണ്ടെന്നും വൈഫൈ സുരക്ഷയേകുമെന്നും വൈറസിനെ തുരത്തുമെന്നുമൊക്കെ പറഞ്ഞ് പറ്റിക്കുന്ന ഒന്നാന്തരം ഉഡായിപ്പ് ആപ്പ് കൂടിയാണിത്. വിശ്വസിക്കാൻ കൊള്ളാത്ത ബ്രാൻഡുകളുടെ അടക്കം പരസ്യങ്ങൾ നിരന്തരം പ്രദർശിപ്പിക്കുന്ന ആപ്പ് കൂടിയാണിത്. ആൻഡ്രോയ്ഡ് യൂസർമാർ നിർബന്ധമായും അകലം പാലിക്കേണ്ട ആപ്പുകളിൽ ഒന്ന്.
പകരക്കാർ: അവാസ്റ്റ്, എ.വി.ജി, കാസ്പെർസ്കി തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുക.
സൂപ്പർ വി.പി.എൻ (SuperVPN Free VPN Client)
100 മില്യൺ ആളുകൾ പ്ലേസ്റ്റോറിലൂടെ ഡൗൺലോഡ് ചെയ്ത ആപ്പാണിത്. എന്നാൽ, ഈ വർഷം തുടക്കത്തിൽ സൈബർ സുരക്ഷ വിശകലന വിദഗ്ധർ അവകാശപ്പെടുന്നത്, ഹാക്കർമാരെ MitM (മാൻ-ഇൻ-ദി-മിഡിൽ) ആക്രമണങ്ങൾ നടത്താൻ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുന്നുണ്ടെന്നാണ്. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ, ഫോട്ടോകൾ, സ്വകാര്യ ചാറ്റുകൾ എന്നിവയുൾപ്പെടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
പകരക്കാർ: എക്സ്പ്രസ് വി.പി.എൻ (Express VPN), നോർഡ് വി.പി.എൻ (Nord VPN), സർഫ്ഷാർക് (SurfShark).
സൂപ്പർ ക്ലീൻ (Super Clean – Master of Cleaner)
സൂപ്പർ ക്ലീൻ പ്ലേസ്റ്റോറിൽ 26 മില്യൺ ഇൻസ്റ്റാളുകൾ ഉള്ള ആപ്പാണ്. മുമ്പ് പരാമർശിച്ചത് പോലെ നമ്മുടെ ഫോണുകൾക്ക് യാതൊരു വിധ ഗുണവും നൽകാത്ത ആപ്പുകളിൽ ഒന്നാണിത്. അതേസമയം, വിവരച്ചോർച്ചയടക്കമുള്ള അപകടങ്ങൾക്ക് സാധ്യതയേറെയാണ് താനും. ബാറ്ററി ലൈഫ് കൂട്ടുമെന്നും ഫോണിനെ ഫാസ്റ്റാക്കുമെന്നും വ്യാജ വാഗ്ദാനം നൽകുകയല്ലാതെ, ഇത്തരം ആപ്പുകൾ കൊണ്ട് യാതൊരു ഗുണവുമില്ല.
ഫിൽഡോ മ്യൂസിക് (Fildo Music)
ഒരുകാലത്ത് നിയവിരുദ്ധമായി പാട്ടുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ആപ്പായിരുന്നു ഫിൽഡോ മ്യൂസിക്. ഒരു എംപി3 പ്ലെയർ എന്ന വ്യാജേന സൗജന്യമായി പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും ആപ്പ് യൂസർമാർക്ക് അവസരം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ, പ്ലേസ്റ്റോറിെൻറ പിടിയിലായതോടെ പാട്ട് ഡൗൺലോഡ് ചെയ്യാവുന്ന ഫീച്ചർ അവർ നിർത്തലാക്കി. ഇപ്പോൾ മ്യൂസിക് മാനേജ്മെൻറ് ആപ്പായി തുടരുന്ന ഫിൽഡോ വിവാദ ചൈനീസ് വിനോദ കമ്പനിയുമായി ഇൗയിടെ കൈകോർത്തിരുന്നു.
പകരക്കാർ: വി.എൽ.സി, എ.െഎ.എം.പി, പവറാംപ് (Poweramp)
ഇ.എസ് ഫയൽ എക്സ്പ്ലോറർ (ES File Explorer)
ഫയൽ മാനേജർ ആപ്പായി കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ആപ്പാണിത്. പ്ലേസ്റ്റോറിൽ നിന്നും ഗൂഗ്ൾ അധികൃതർ തന്നെ മുമ്പ് നീക്കം ചെയ്ത ആപ്പ്, മറ്റ് വഴികളിലൂടെ ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, എത്രയും പെട്ടന്ന് ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. ഇ.എസ് ഫയൽ എക്സ്പ്ലോറർ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തവരുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഹാക്കർമാർക്കും ആപ്പ് നിർമിച്ചവർക്കും എളുപ്പം ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് ഇൗ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്ലേസ്റ്റോറിൽ അപകടകാരികൾ അല്ലാത്ത നിരവധി ഫയൽ മാനേജർ ആപ്പുകൾ ലഭ്യമാണ്. അവ ഡൗൺലോഡ് ചെയ്യുക. ഇത്തരത്തിൽ സൂക്ഷിക്കേണ്ട മറ്റു ചില ആപ്പുകളാണ് Clean Master, DU Battery Saver, Quick Pic Gallery എന്നിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.