ബി.എം.ഡബ്ല്യുവിനായി ഇൻഫോടെയ്ൻമെന്റ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കാൻ കേരളത്തിലെ കമ്പനി
text_fieldsകൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നൂതന ഇൻഫോടെയ്ൻമെന്റ് പദ്ധതിയിൽ സഹകരിക്കാനുള്ള അവസരം സ്വന്തമാക്കി, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻ നിര ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ കമ്പനിയായ ആക്സിയ ടെക്നോളജീസ്. നാവിഗേഷൻ രംഗത്തെ
ലോകത്തിലെ തന്നെ മുൻനിര ആഗോള സേവന ദാതാക്കളായ ഗാർമിൻ, ആക്സിയയെ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവന ദാതാക്കളായി തെരഞ്ഞെടുത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ ഭാഗമായി നൂതന ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള എഒഎക്സ് ടെക്നോളജീസുമായി അക്സിയ കൈകോർത്തിരിക്കുകയാണ്.
വാഹനങ്ങളിൽ ഓഡിയോയും വീഡിയോയും ഉൾപ്പെടെയുള്ള വിനോദവും വിവരങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ഇൻഫോടെയ്ൻമെന്റ്. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഗാർമിനുമായി ഒപ്പുവച്ചു. പ്രധാന സോഫ്‌റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ ആക്സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിൽ വച്ചു തന്നെ നടത്തും. കമ്പനി തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഞ്ചിനീയർമാരുടെ സംഘത്തെ ജർമനിയിലേക്ക് അയക്കുകയും ചെയ്യും.
ലോകത്തെ മുൻനിര ഓട്ടോമോട്ടീവ് കാർ നിർമ്മാതാക്കൾക്കും ടിയർ1 കമ്പനികൾക്കും, ഇൻഫോടെയ്ൻമെന്റും കണക്റ്റഡ് കാർ പ്രൊഡക്ഷൻ പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള കമ്പനിയാണ് ആക്സിയ. ടിസാക്സ് (TISAX) ആസ്പൈസ് (ASPICE) ഉൾപ്പടെ എല്ലാ നിർബന്ധിത സർട്ടിഫിക്കേഷനുമുള്ളവയാണ് ആക്സിയയുടെ ഡെവലപ്മെന്റ് സെന്ററുകൾ.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണ് ആക്സിയ എന്നും അവരുമായുള്ള പങ്കാളിത്തം തങ്ങളുടെ പ്രവർത്തങ്ങളെ മികവുറ്റതാക്കാൻ ഏറെ സഹായിക്കുമെന്നും ഗാർമിൻ ഓട്ടോമൊട്ടീവ് ഒഇഎം എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡർ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കോക്ക്പിറ്റുകൾ ലഭ്യമാക്കുന്നതിനായി ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ വെല്ലുവിളികളും ആവേശവും നിറഞ്ഞ പദ്ധതിയിൽ ആക്സിയ പോലെയൊരു വിശ്വസ്ത പങ്കാളിയുമായി കൈക്കോർക്കാൻ സാധിച്ചത് സന്തോഷകരമാണെന്നും വിജയകരമായി ഈ ദൗത്യം പൂർത്തീകരിക്കുമെന്നും എഒഎക്‌സ് കണക്റ്റ് മാനേജിംഗ് ഡയറക്ടർ മാർക്കസ് കിസെൻഡോർഫർ പറഞ്ഞു.
നീണ്ട മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് ഗാർമിൻ ആക്സിയയെ തിരഞ്ഞെടുത്തതെന്ന് ആക്സിയ ടെക്നൊളജിസ് സിഇഒ ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. ആഗോള കാർ നിർമ്മാതാക്കൾക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ചെയ്യുന്ന അപൂർവം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ആക്സിയ.
ഈ സഹകരണം, ആഗോള വാഹന മേഖലയിൽ ഞങ്ങളുടെ ഉറച്ച ചുവടുവയ്പ്പാവുകയാണ്. ആക്സിയയിലെ നിലവിലുള്ള എഞ്ചിനീയർമാർക്കും ഇനി വരാനിരിക്കുന്ന പ്രതിഭകൾക്കും ഇപ്പോഴുള്ള ആഗോള ബ്രാൻഡുകളെ കൂടാതെ വീണ്ടും ഒരു ലോകോത്തര ബ്രാൻഡുമായി പ്രവർത്തിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ വന്നു ചേർന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ ഒരു പ്രോജക്ടിന് ആക്സിയയെ തെരഞ്ഞെടുത്തതിൽ ഗാർമിൻ മാനേജ്‌മെന്റിന് നന്ദി അറിയിക്കുന്നതായും ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിൽ ഓട്ടോമോട്ടീവ് സംബന്ധിയായ കോഴ്‌സുകളിൽ വിദഗ്ധ പരിശീലനം നൽകാനും ആക്സിയ സഹകരിക്കുന്നുണ്ട്. എൻജിനിയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കമ്പനി ഇതിനോടകം കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ പ്രോജക്ട് വരാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്ക് കൂടി ഏറെ ഗുണകരമായി മാറുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.