ഇന്റർനെറ്റ് നിരോധനം; ഇറാനിലെ ജനങ്ങൾക്ക് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്ത് ഇലോൺ മസ്ക്
text_fieldsമതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുർദ് യുവതി മരിച്ചതിനെതിരായ പ്രതിഷേധം ഇറാനിൽ തുടരുകയാണ്. ഇറാൻ പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടിയ സാഹചര്യവുമുണ്ടായി. മഹ്സ അമിനി(22)യുടെ ഖബറടക്കത്തിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തുടങ്ങിയ പ്രക്ഷോഭത്തിൽ പൊലീസുകാരും പ്രതിഷേധക്കാരുമടക്കം നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. അതോടെ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾക്കും നിയന്ത്രണങ്ങളുണ്ട്.
എന്നാൽ, അതിനെതിരെ രംഗത്തെത്തിയ അമേരിക്ക, ഇറാനിലെ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനായി നീക്കം തുടങ്ങുകയും ചെയ്തു. ഇറാനെതിരെ നിലനിൽക്കുന്ന ഉപരോധം വകവയ്ക്കാതെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും യു.എസ് തീരുമാനിച്ചിട്ടുണ്ട്. പിന്നാലെ, അമേരിക്കൻ ടെക് കമ്പനികളും അവരുടെ ഇന്റർനെറ്റ് സവേനങ്ങൾ വാഗ്ദാനം ചെയ്തു.
ഇറാനിലെ ജനങ്ങൾക്ക് വേണ്ടി സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് സജീവമാക്കുകയാണെന്ന് സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് അറിയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിയൻ ജനതക്ക് ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ യു എസ് സ്വീകരിച്ചു എന്നായിരുന്നു ബ്ലിങ്കൻ ട്വീറ്റ് ചെയ്തത്.
റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിന് ഉക്രെയ്‌നിന് ഇതിനകം നൽകിയിട്ടുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം ഇറാനിലെ ജനങ്ങൾക്ക് നൽകാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും ഉപരോധം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും മസ്‌ക് തിങ്കളാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.