പരസ്യമില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അവതരിപ്പിച്ച് മെറ്റ; വലിയ വില നൽകേണ്ടി വരും
text_fieldsഒടുവിൽ പരസ്യങ്ങളില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമായി മാതൃ കമ്പനിയായ മെറ്റ എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് പരസ്യങ്ങൾ വേണ്ടെന്നുവെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങൾ ടാർഗറ്റഡ് പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കും. പുതിയ പരസ്യരഹിത സേവനവുമായി മെറ്റ എത്തിയതിന് പിന്നിൽ യുറോപ്യൻ യൂണിയന്റെ കർശന നിയന്ത്രണങ്ങളാണ്. നിലവിൽ പെയ്ഡ് വേർഷനിലേക്ക് സൈൻ അപ്പ് ചെയ്യാൻ നിർദ്ദേശിച്ചുള്ള നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഈ സേവനം മെറ്റ ലഭ്യമാക്കുന്നത്.
അതേസമയം ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഒരു അക്കൗണ്ട് പരസ്യരഹിതമാക്കുന്നതിന് യൂസർമാർ വലിയ വില തന്നെ നൽകേണ്ടി വരും. പ്രതിമാസം 12 യൂറോ (1071 രുപ) ആണ് സബ്സ്ക്രിപ്ഷൻ ചാർജ്. വെബ് പതിപ്പിൽ ഒരു അക്കൗണ്ടിന് ഒമ്പത് യുറോ (803 രുപ) നൽകേണ്ടി വരും. ഇതിനൊപ്പം മറ്റൊരു അക്കൗണ്ടു കൂടി പരസ്യരഹിതമാക്കാൻ ആപ്പിൽ എട്ട് യുറോയും വെബ്ബിൽ ആറ് യുറോയും അധികമായും നൽകണം.
യൂറോപ്പിലെ നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ കാരണമാണ് പുതിയ സേവനം അവതരിപ്പിക്കുന്നതെന്ന് മെറ്റ അറിയിച്ചു. താൽപര്യമുള്ളവർക്ക് പെയ്ഡ് വേർഷൻ സബ്‌സ്‌ക്രൈബ് ചെയ്യാം, അല്ലാത്തവർക്ക് സൗജന്യ സേവനം ഉപയോഗിക്കുന്നത് തുടരാം. എന്നാൽ, സൗജന്യ സേവനം ഉപയോഗിക്കുമ്പോൾ പരസ്യങ്ങൾ കാണേണ്ടിവരുമെന്നും ഡാറ്റ പരസ്യവിതരണത്തിനായി ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും മെറ്റ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിൽ ഈ സേവനം അവതരിപ്പിക്കാൻ മെറ്റ പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.