ആവശ്യക്കാരില്ല; പലചരക്ക് ഡെലിവറിയും ന്യൂട്രാസ്യൂട്ടിക്കൽ വിഭാഗവും പൂട്ടി സൊമാറ്റോ
text_fieldsഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ 'സൊമാറ്റോ' പലചരക്ക് സാധനങ്ങളുടെ ഡെലിവറി സേവനം പൂർണ്ണമായും അവസാനിപ്പിച്ചു. മറ്റൊരു ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗിയും ദിവസങ്ങൾക്ക് മുമ്പ് ഗ്രോസറി വിഭാഗം നിർത്തലാക്കിയിരുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്തായിരുന്നു ഇരു കമ്പനികളും ഭക്ഷണ സാധനങ്ങൾക്ക് പുറമേ, പലചരക്ക് സാധനങ്ങളും ഡെലിവറി ചെയ്യാൻ തുടങ്ങിയത്. എന്നാൽ, കോവിഡ് ഭീതിയൊഴിഞ്ഞതോടെ ഗ്രോസറി ഡെലിവറിക്കുള്ള ഡിമാൻറ് ഗണ്യമായി കുറയുകയായിരുന്നു.
കഴിഞ്ഞ മാസം കേരളത്തിലടക്കം ചില സംസ്ഥാനങ്ങളിൽ സൊമാറ്റോ, ഗ്രോസറി വിതരണം നിർത്തിയിരുന്നു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കഴിയുന്നില്ലെന്നാണ് ,സൊമാറ്റോ തങ്ങളുടെ ഗ്രോസറി പങ്കാളികൾക്ക് അയച്ച മെയിലിൽ പറയുന്നത്. എന്നാൽ ഗ്രോഫേഴ്സിലെ നിക്ഷേപം പിൻവലിക്കില്ലെന്നും സൊമാറ്റോ അറിയിച്ചിട്ടുണ്ട്. രാജ്യം മുഴുവനും ഗ്രോസറി ഡെലിവറിയുള്ള കമ്പനിയാണ് ഗ്രോഫേഴ്സ്. 356 കോടിയാണ് സൊമാറ്റോയ്ക്ക് കഴിഞ്ഞ വർഷം നഷ്ടമുണ്ടായത്.
അതേസമയം, പോഷകാഹാര ബ്രാൻഡുകൾ ലഭ്യമാക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ വിഭാഗവും സൊമാറ്റോ അടച്ചുപൂട്ടാൻ പോവുകയാണ്. ആരോഗ്യ, ഫിറ്റ്നസ് ഉൽപന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു സൊമാറ്റോ ന്യൂട്രാസ്യൂട്ടിക്കൽ ബിസിനസ്സിലേക്ക് തിരിഞ്ഞത്. എന്നാൽ, അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.