താരിഫ് വർധന ഉടൻ; ഇന്ത്യക്കാർ രണ്ടാമത്തെ സിം ഉപേക്ഷിക്കേണ്ടി വരുമോ..?
text_fieldsനിങ്ങൾ ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ...? എങ്കിൽ ഇനിയങ്ങോട്ട് സിമ്മുകളെ ‘തീറ്റിപ്പോറ്റൽ’ ചെലവേറിയതാകും. ഇന്ത്യയിലെ ടെലികോം കമ്പനികൾ വൈകാതെ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെ വർധനവ് വരുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ടെലികോം താരിഫ് നിരക്ക് വർധനയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
നിങ്ങളുടെ സിം സജീവമായി സൂക്ഷിക്കുന്നത് ഇനി പതിവിലേറെ ചെലവേറിയ കാര്യമായി മാറും. ഇന്ത്യയിൽ അവസാനമായി റീചാർജ് നിരക്കുകൾ ഉയർന്ന് 2021 ഡിസംബറിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയൊരു താരിഫ് വർധനവ് അനിവാര്യമാണെന്നാണ് ടെലികോം കമ്പനികൾ പറയുന്നത്.
നിലവിൽ 150 രൂപയാണ് എയർടെല്ലും ജിയോയും മിനിമം റീചാർജായി ഈടാക്കുന്നത്. 2021-ൽ പ്രഖ്യാപിച്ച അടിസ്ഥാന നിരക്കിനേക്കാൾ ഏറെയാണിത്. 99-ൽ നിന്നാണ് എയർടെൽ അവരുടെ മിനിമം റീചാർജ് ഒറ്റയടിക്ക് 155 ആക്കിയത്. ഇത് കുറഞ്ഞ വരുമാനമുള്ള നിരവധി ഇന്ത്യക്കാർക്ക് വളരെ ചെലവേറിയതാണ്. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വർധന പ്രതീക്ഷിക്കുന്നതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ സിം സജീവമായി നിലനിർത്തുന്നതിന് പ്രതിമാസം 180-200 രൂപ നൽകേണ്ടി വന്നേക്കാം.
ആളുകൾ രണ്ടാമത്തെ സിം ഉപേക്ഷിക്കുമോ...?
വരാനിരിക്കുന്ന താരിഫ് വർധനവ് രണ്ടാമത്തെ സിം നിർജ്ജീവമാക്കുന്നതിലേക്ക് ആളുകളെ നയിക്കില്ലെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. അതേസമയം, കഴിഞ്ഞ തവണ നിരക്കുകൾ ഉയർത്തിയപ്പോൾ എയർടെല്ലിനും Vi യ്ക്കും കുറച്ച് വരിക്കാരെ നഷ്ടമായിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
ഹൈ-പേയിങ് ഉപയോക്താക്കളിൽ ഭൂരിഭാഗവും ജിയോ, എയർടെൽ വരിക്കാരാണ്. അതേസമയം ഒരുപാട് 2G, 4G ഉപയോക്താക്കൾ വി.ഐ സിം ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ബദലുകളില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ജിയോ അല്ലെങ്കിൽ എയർടെൽ പ്രധാന സിമ്മായും ബി.എസ്.എൻ.എല്ലും വി.ഐയും സെക്കൻഡറി സിമ്മായും ഉപയോഗിക്കുന്നവരാകും ഏറെയും. താരിഫ് ഉയരുന്നതോടെ രണ്ടാമത്തെ സിം ഉപേക്ഷിക്കുന്ന പ്രവണത വരില്ലെന്നും പറയാനാകില്ല.
അതേസമയം, താരിഫുകളുടെ കാര്യത്തിൽ ഓരോ ടെലികോം കമ്പനിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ധാരണ ഇപ്പോൾ ഉപയോക്താക്കൾക്കുണ്ട്. അതിനാൽ എത്ര വർദ്ധനവ് നടപ്പിലാക്കിയാലും ജിയോ, എയർടെൽ എന്നീ സിമ്മുകൾ ആളുകൾ നിലനിർത്താനാണ് സാധ്യത. സ്വകാര്യ ടെലികോം വിഭാഗത്തിൽ ജിയോ ഏറ്റവും താങ്ങാനാവുന്ന താരിഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രീമിയം താരിഫ് സെഗ്‌മെൻ്റിൽ എയർടെലും വി.ഐയുമായിരിക്കും പ്രധാന കളിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.