സൗദിയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ കരാറായി
text_fieldsജിദ്ദ: സൗദിയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. പൊതുനിക്ഷേപ നിധിയുടെ പൂർണ ഉടമസ്ഥതയിലുള്ള വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി ഹോൾഡിങ് കമ്പനിയും (ബദീൽ) ലോകമെമ്പാടുമുള്ള വാട്ടർ ഡീസാലിനേഷൻ, പവർ ജനറേഷൻ പ്ലാൻറ് ഡെവലപ്പറും നിക്ഷേപകരും ഓപ്പറേറ്ററുമായ 'അഖ്വ പവറു'മാണ് കരാറിലെത്തിയത്. മക്ക മേഖലയിലെ ശുഐബയിലാണ് 2,060 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള സോളാർ പ്ലാൻറ് സ്ഥാപിക്കുക. മധ്യപൗരസ്ത്യദേശത്തേയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സോളാർ പവർ പ്ലാൻറായിരിക്കും. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2025 അവസാന പാദത്തിൽ പദ്ധതി പൂർത്തിയാകും. കരാർ പ്രകാരം പദ്ധതിയുടെ ഉടമസ്ഥാവകാശം 'ബദീൽ', 'അഖ്വ പവർ' കമ്പനികൾക്ക് തുല്യമായിരിക്കും. പദ്ധതിയുടെ വികസനത്തിനായി 'ശുഐബ ടു ഇലക്ട്രിക് പവർ കമ്പനി' എന്ന പേരിൽ സംയുക്ത കമ്പനി സ്ഥാപിക്കും.
പൊതു നിക്ഷേപ നിധിയുടെ (പി.ഐ.എഫ്) പുനരുപയോഗ ഊർജ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് പി.ഐ.എഫ് ഡെപ്യൂട്ടി ഗവർണറും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഇൻവെസ്റ്റ്‌മെൻറ് ഡിപ്പാർട്ട്‌മെൻറ് മേധാവിയുമായ യസീദ് അൽഹമീദ് പറഞ്ഞു. 2030-ഓടെ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജ ഉൽപാദന ശേഷിയുടെ 70 ശതമാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പദ്ധതി. യൂട്ടിലിറ്റി മേഖലയും പുനരുപയോഗ ഊർജവും തന്ത്രപ്രധാനമായ മേഖലകളിൽ ഒന്നാണ്. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് എണ്ണേതര മേഖലകളിലാണ് പി.ഐ.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യസീദ് അൽഹമീദ് പറഞ്ഞു.
പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യം വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ മുന്നേറുകയാണെന്ന് അഖ്വ പവർ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അബൂനയാൻ പറഞ്ഞു. 'ബാദിൽ', 'സൗദി കമ്പനി ഫോർ എനർജി പർച്ചേസ്' എന്നിവയുമായി സഹകരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. നാഴികക്കല്ലായ ഈ പദ്ധതി സുസ്ഥിര ഊർജ വികസനത്തിനുള്ള പുതിയ റഫറൻസ് ആകും. ഇന്ന് ഏറ്റവും മികച്ച സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക ഫലങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നായി സൗരോർജം കണക്കാക്കപ്പെടുന്നു. ബദീലും അഖ്വ പവറും ചേർന്ന് ഷുഐബ ടു പ്ലാൻറ് നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. അതിലൂടെ സൗദി എനർജി കമ്പനിക്ക് വൈദ്യുതി വിൽക്കുകയും ചെയ്യും. പദ്ധതി പൂർണമാകുമ്പോൾ സ്റ്റേഷൻ മൂന്നര ലക്ഷം പാർപ്പിട കേന്ദ്രങ്ങൾക്ക് വൈദ്യുതി നൽകും. രാജ്യത്തെ അഖ്വ പവറിന്റെ ആറാമത്തെ സോളാർ പവർ സ്റ്റേഷനാണ് ശുഐബ ടു സ്റ്റേഷനെന്നും അബൂനയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.