‘മരുന്നെഴുതാൻ’ ഡോക്ടർക്ക് എ.ഐ സഹായി
text_fieldsകൊച്ചി: രോഗിയെ വിശദമായി പരിശോധിച്ചശേഷം രോഗവിവരങ്ങൾ സമർപ്പിച്ചാൽ എന്തെല്ലാം മരുന്ന് കൊടുക്കണം, ഏത് ചികിത്സാരീതി പിന്തുടരണം, എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകി ഡോക്ടറെ സഹായിക്കാനുള്ള എ.ഐ സോഫ്റ്റ് വെയർ ഇവിടെയുണ്ട്.
തൃശൂർ ആസ്ഥാനമായ അംറാസ് സോഫ്റ്റ്വെയർ സൊലൂഷ്യൻസ് എന്ന കമ്പനിയാണ് ഡോക്ടർ അസിസ്റ്റ് എ.ഐ എന്ന പേരിലുള്ള സംവിധാനം അവതരിപ്പിക്കുന്നത്. നിലവിൽ ചില ആശുപത്രികളിലെ ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തിൽ ഡോക്ടർ അസിസ്റ്റ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി സി.ഇ.ഒ അഭിലാഷ് രഘുനന്ദൻ അറിയിച്ചു.
അസുഖത്തിന്റെ വിവരങ്ങളും ഹിസ്റ്ററിയുമെല്ലാം എ.ഐ സോഫ്റ്റ് വെയറിലേക്ക് കൈമാറുമ്പോൾ ചികിത്സാരീതികൾ തിരികെ നിർദേശിക്കുകയാണ് രീതി.
ഡോക്ടർക്ക് ഇത് പുനഃപരിശോധന നടത്തി രോഗിയുടെ പ്രിസ്ക്രിപ്ഷനിൽ ചേർക്കാം. എല്ലാ രോഗങ്ങളുടെയും ചികിത്സാരീതി ഇത്തരത്തിൽ ലഭ്യമാവുമെന്നും പരിശോധനഫലങ്ങൾ ഉൾപ്പെടെ അപ്ലോഡ് ചെയ്യാനാവുമെന്നുമാണ് പ്രത്യേകത. ഡേറ്റ എൻക്രിപ്ഷൻ ഉള്ളതിനാൽ രോഗികളുടെ സ്വകാര്യത ലംഘനം ഉണ്ടാവില്ല.
ആരോഗ്യരംഗത്ത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരീതി നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു കണ്ടുപിടിത്തമെന്ന് അഭിലാഷ് അവകാശപ്പെട്ടു. ജെൻ എ.ഐ കോൺക്ലേവിനോടനുബന്ധിച്ച സ്റ്റാർട്ടപ് എക്സ്പോയിൽ ഈ സ്റ്റാർട്ടപ്പിന്റെ പ്രദർശനവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.