ചിത്ര രചനാ മത്സരത്തിൽ 'നിർമിത ബുദ്ധി' വിജയിച്ചു; അമ്പരന്നും രോഷം പ്രകടിപ്പിച്ചും മത്സരാർഥികളായ കലാകാരൻമാർ
text_fieldsകൊളറാഡോ സ്റ്റേറ്റ് ഫെയറിന്റെ വാർഷിക കലാമത്സരത്തിലെ ഡിജിറ്റൽ ആർട്ട് വിഭാഗത്തിന്റെ പുരസ്കാര ദാനമാണ് വിവാദമായത്. ഡിജിറ്റൽ ആർട്ട് വിഭാഗത്തിലും കലാകാരന്മാരിലും ഒന്നാം സമ്മാനം നേടിയത് കൊളറാഡോ ആസ്ഥാനമായ ടേബിൾടോപ്പ് ഗെയിമിങ് കമ്പനിയായ ഇൻകാർനേറ്റ് ഗെയിംസിന്റെ പ്രസിഡന്റ് ജേസൺ അലനായിരുന്നു. എന്നാൽ, ഒന്നാം സമ്മാനത്തിനർഹമായ അതിമനോഹരമായ ചിത്രം അദ്ദേഹം വരച്ചത് നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) സഹായത്തോടെയും.
"തിയേറ്റർ ഡി ഓപ്പറ സ്പേഷ്യൽ (Théâtre D'opéra Spatial)" എന്ന സൃഷ്ടിയിലൂടെ ഡിജിറ്റൽ ആർട്‌സ് / ഡിജിറ്റലി മാനിപ്പുലേറ്റഡ് ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് അലൻ പുരസ്കാരം നേടിയത്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വരച്ച (സൃഷ്ടിച്ച) ചിത്രത്തിൽ ചെറിയ രീതിയിലുള്ള മിനുക്ക് പണി മാത്രമാണ് അലൻ ചെയ്തത്. മത്സരത്തിൽ പങ്കെടുത്ത മറ്റ് ഡിജിറ്റൽ ആർട്ട് കലാകാരന്മാർ അതോടെ പരസ്യമായി അസന്തുഷ്ടി പ്രകടിപ്പിച്ച് രംഗത്തുവന്നു. നിര്‍മിത ബുദ്ധി വരച്ച സൃഷ്ടി പരിഗണിക്കാൻ പാടില്ലെന്നാണ് അവരുടെ പക്ഷം.
അതേസമയം എ.ഐ ഉപയോഗിച്ച് നിർമിച്ച ചിത്രം ക്യാൻവാസിൽ പ്രിന്റ് ചെയ്ത് നൽകിയാണ് താൻ ഒന്നാം സ്ഥാനം നേടിയതെന്ന് ജേസൺ അലൻ തന്നെ ട്വിറ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ബഹിരാകാശ ഓപ്പറയിൽ നിന്നുള്ളതെന്ന് തോന്നിക്കുന്ന ഒരു രംഗമാണ് ചിത്രത്തിലുള്ളത്. പരമ്പരാഗത രീതി പിന്തുടരാതെയും, ഡിജിറ്റൽ പെയിന്റ് ബ്രഷ് ഉപയോഗിക്കാതെയുമുള്ള സൃഷ്ടിയായതിനാൽ അലന്റെ നേട്ടം ഓൺലൈനിലെ കലാകാരന്മാരെ പ്രകോപിപ്പിക്കുകയായിരുന്നു.
ടെക്‌സ്‌റ്റ് പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി ചിത്രം വരക്കാൻ അദ്ദേഹം മിഡ്‌ജേർണി എന്ന AI പ്രോഗ്രാമാണ് ഉപയോഗിച്ചത്. ശേഷം ചിത്രം ഫോട്ടോഷോപ്പിലിട്ട് ചെറുതായി മിനുക്കുകയും ഗിഗാപിക്സൽ ഉപയോഗിച്ച് അപ് സ്കെയിൽ ചെയ്യുകയും ചെയ്തു. സ്റ്റേറ്റ് ഫെയറിലേക്ക് ചിത്രം പുരസ്കാരത്തിനായി അയച്ചപ്പോൾ "മിഡ്‌ജേർണി" ഉപയോഗിച്ചാണ് വരച്ചതെന്ന് വ്യക്തമായി ലേബൽ ചെയ്തതായി അലൻ തന്റെ ട്വിറ്റർ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. 'ഞാൻ ഒരിക്കലും മാപ്പ് പറയാൻ പോകുന്നില്ല...! ഞാൻ ജയിച്ചു, ഞാനൊരു നിയമവും ലംഘിച്ചിട്ടില്ല''. അലൻ പറയുന്നു.
അതേസമയം, നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വരയ്ക്ക് പുരസ്കാരം നൽകിയതിനെതിരെ ട്വിറ്ററിലും മറ്റും വലിയ രീതിയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കലയെയും കലാകാരൻമാരെയും നശിപ്പിക്കുമെന്നാണ് അവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.