എ.ഐ സൃഷ്ടിച്ച ഗാനത്തിന് ഗ്രാമി ലഭിക്കുമോ..! ഡ്രേക്കിന്റെ ശബ്ദം അനുകരിച്ച ‘ഹാർട്ട് ഓൺ മൈ സ്ലീവ്’ പരിഗണിച്ച് ഗ്രാമി - VIDEO
text_fieldsനിർമിത ബുദ്ധി ലോകമെമ്പാടും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ.. ലക്ഷക്കണക്കിന് ജോലികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇല്ലാതാക്കുമെന്നും കലാരംഗത്ത് എ.ഐ ചെലുത്തുന്ന സ്വാധീനം കലാകാരൻമാർക്ക് ഭീഷണിയാകുമെന്നുമൊക്കെയുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അതിനിടെ മ്യൂസിക് ഇൻഡസ്ട്രിയെയും നിർമിത ബുദ്ധി ഭയപ്പെടുത്തുന്നുണ്ട്. ലോകപ്രശസ്ത പോപ് ഗായകരുടെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വന്നതായിരുന്നു ചിലരിൽ മുറുമുറുപ്പാണ്ടാക്കിയത്.
പോപ് ഗായകരായ ഡ്രേക്കിന്റെയും വീക്കെൻഡിന്റെയും ശബ്ദങ്ങൾ അനുകരിച്ചുകൊണ്ട് 'ഹാർട്ട് ഓൺ മൈ സ്ലീവ്' എന്ന പേരിൽ ‘നിർമിത ബുദ്ധി’ സൃഷ്ടിച്ച ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഡ്രേക്കിന്റെയും വീക്കെൻഡിന്റെയും ഓട്ടോമേറ്റഡ് വോക്കൽസ് ഉപയോഗിച്ച് ഒപ്പം ഡി.ജെയും മ്യൂസിക് പ്രൊഡ്യൂസറുമായ മെട്രോ ബൂമിനെയും അനുകരിച്ച് എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഗാനം പുറത്തുവിട്ടത് അജ്ഞാതനായ ടിക് ടോക്ക് യൂസർ ‘ഗോസ്റ്റ്റൈറ്റർ 977’ ആയിരുന്നു.
എന്നാൽ, എ.ഐ സൃഷ്ടിച്ച ഗാനം സംഗീത രംഗത്തെ മികച്ച സംഭാവനകള്‍ക്ക് നല്‍കിവരുന്ന അന്താരാഷ്ട്ര പുരസ്‌കാരമായ ‘ഗ്രാമി’യിലേക്ക് അയച്ചിരിക്കുകയാണിപ്പോൾ. ‘ബെസ്റ്റ് റാപ് സോങ്’, അതുപോലെ ‘സോങ് ഓഫ് ദ ഇയർ’ എന്നീ വിഭാഗങ്ങളിലേക്കാണ് 'ഹാർട്ട് ഓൺ മൈ സ്ലീവ്' എന്ന എ.ഐ ഗാനം അയച്ചത്.
എന്നാൽ, എ.ഐ സൃഷ്ടിച്ച ഗാനം എങ്ങനെ പരിഗണിക്കും എന്നുള്ള ചോദ്യങ്ങൾ ഉയർന്നതോടെ, അതിന് മറുപടിയുമായി പുരസ്കാരത്തിൻ്റെ നടത്തിപ്പ് സംഘടനയായ റെക്കോർഡിങ് അക്കാദമിയുടെ സിഇഒ ഹാർവി മേസൺ ജൂനിയർ എത്തി. ‘ഗാനം എഴുതിയിരിക്കുന്നത് ഒരു മനുഷ്യൻ ആയതിനാൽ പുരസ്കാരത്തിന് സമർപ്പിച്ചതിൽ തെറ്റില്ലെന്നാണ്’ അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.
അതേസമയം, ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഗാനങ്ങളും പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുമെന്ന് ഗ്രാമി അറിയിച്ചിരുന്നു. റെക്കോഡിങ് അക്കാദമിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, എ.ഐ ഉപയോഗിച്ചുള്ള ഗാനങ്ങള്‍ക്ക് റെക്കോര്‍ഡിങ് അക്കാദമി കടുത്ത മാനദണ്ഡങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. എഐയുടെ സഹായത്തോടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്താമെങ്കിലും അതിലെ കൂടുതല്‍ സംഭാവനയും മനുഷ്യന്റേതായിരിക്കണം. അതുപോലെ, ഗാനങ്ങൾ ചിട്ടപ്പെടുത്താനായി എ.ഐ ഉപയോഗിക്കാമെന്നല്ലാതെ, അത് പൂർണമായും എ.ഐ സൃഷ്ടിച്ചതാകാൻ പാടില്ല. എന്തായാലും എ.ഐ സൃഷ്ടിച്ച ഗാനത്തിന് ഗ്രാമി ലഭിക്കുമോ എന്നാണിപ്പോൾ സംഗീത പ്രേമികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.