ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്തു; റോബോട്ട് വക്കീലിനെതിരെ കേസ്
text_fieldsലോകത്തിലെ ആദ്യത്തെ റോബോട്ട് വക്കീലിനെതിരെ അമേരിക്കയിൽ കേസ്. ലൈസൻസില്ലാതെ അഭിഭാഷകവൃത്തി നടത്തിയെന്നാരോപിച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഡുനോട്ട്പേ (DoNotPay) എന്ന സ്റ്റാർട്ട്അപ്പ് കമ്പനി വികസിപ്പിച്ച റോബോട്ട് വക്കീലിനെതിരെ നിയമ സ്ഥാപനമായ എഡൽസൺ കേസ് കൊടുത്തത്. ഡുനോട്ട്പേ ഒരു റോബോട്ടോ, അഭിഭാഷകനോ, നിയമ സ്ഥാപനമോ അല്ലെന്നാണ് ജേ എഡൽസൺ പറയുന്നത്.
കാലിഫോർണിയ സ്വദേശിയായ ജൊനാഥൻ ഫാരിഡിയനു വേണ്ടിയായിരുന്നു മാർച്ച് മൂന്നിന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ അദ്ദേഹം കേസ് ഫയൽ ചെയ്തത്. ഡിമാൻഡ് ലെറ്ററുകളും എൽഎൽസി ഓപ്പറേറ്റിങ് എഗ്രിമെന്റുകളും ചെറിയ ക്ലെയിമുകളുമായി ബന്ധപ്പെട്ട കോർട്ട് ഫയലിങ്ങുകളും തയ്യാറാക്കാൻ വേണ്ടിയായിരുന്നു ജൊനാഥൻ ഡുനോട്ട്പേയുടെ റോബോട്ട് വക്കീലിന്റെ സഹായം തേടിയത്. എന്നാൽ, നിലവാരമില്ലാത്തതും ഉപയോഗിക്കാൻ കൊള്ളാത്തതുമായ ഫലങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഡുനോട്ട്പേ സിഇഒ ജോഷ്വ ബ്രൗഡർ സംഭവത്തിൽ പ്രതികരണവുമായെത്തി. ആരോപണങ്ങൾ തള്ളിയ ബ്രൗഡർ ജൊനാഥൻ ഡുനോട്ട്പേയുടെ സഹായത്തോടെ ഡസൻ കണക്കിന് ഉപഭോക്തൃ അവകാശ കേസുകളിൽ വിജയിച്ചിരുന്നതായും അവകാശപ്പെട്ടു.
‘‘എഡൽസൺ സ്ഥാപകനായ ജേ എഡൽസനാണ് ഡുനോട്ട്പേ ആരംഭിക്കാൻ എനിക്ക് പ്രചോദനമായത്. അദ്ദേഹത്തെ പോലുള്ള അഭിഭാഷകർ ക്ലാസ് ആക്ഷനുകളിൽ കക്ഷികൾക്ക് കാര്യമായ പ്രയോജനമില്ലാതെ സ്വയം സമ്പന്നരാകുന്നു’’. -ബ്രൗഡർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലോകത്ത് ആദ്യമായി കോടതിയിൽ മനുഷ്യന് വേണ്ടി ‘എ.ഐ വക്കീൽ’ വാദം നടത്തിയത്. ഒരു നിയമ സേവന ചാറ്റ്ബോട്ടാണ് ഡുനോട്ട്പേ. റോബോട്ട് വക്കീൽ തത്സമയം കോടതി വാദങ്ങൾ കേൾക്കുകയും മനുഷ്യ വക്കീലിനെ പോലെ തന്നെ അതിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് ഇയർപീസ് വഴി എന്താണ് പറയേണ്ടതെന്ന് നിർദേശം നൽകുകയും ചെയ്യും. കൂടാതെ കോടതിയിൽ കേൾക്കുന്ന വിവരങ്ങൾ AI റോബോട്ട് പ്രോസസ്സ് ചെയ്യുകയും വിശകലനം ചെയ്യുകയും തുടർന്ന് പ്രതിയോട് പ്രതികരിക്കാൻ ഉപദേശിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.