‘‘എ.ഐ ഏറ്റവും വിനാശകരമായ ശക്തി, ജോലികളില്ലാതാക്കും’’ - ഇലോൺ മസ്ക്
text_fieldsനിർമിത ബുദ്ധിയെ "ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തി" എന്ന് വിശേഷിപ്പിച്ച് ടെസ്‍ല തലവനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക്. ലണ്ടനിൽ നടന്ന എ.ഐ ഉച്ചകോടിയിൽ യു.കെ പ്രധാനമന്ത്രി റിഷി സുനകുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഒരു ജോലിയും ആവശ്യമില്ലാത്ത ഘട്ടം വരും. നിങ്ങൾക്ക് വേണമെങ്കിൽ എന്തെങ്കിലും ജോലി നേടാം... വ്യക്തിപരമായ സംതൃപ്തിക്കായി മാത്രം. എന്നാൽ നിർമിത ബുദ്ധിക്ക് എല്ലാം ചെയ്യാൻ കഴിയും. ഭാവിയില്‍ ജോലികളൊന്നും ഉണ്ടാവില്ല. എഐ അവയെല്ലാം കയ്യടക്കും." -മസ്‌ക് പറഞ്ഞു.
അതേസമയം, ടെസ്‍ല കാറുകളടക്കം തന്റെ കമ്പനി നിർമിക്കുന്ന ഉത്പന്നങ്ങളിൽ ഇലോൺ മസ്ക് എ.ഐ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ, എ.ഐ സാങ്കേതിക വിദ്യകൾക്കായി കോടികൾ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്. എങ്കിലും, എ.ഐ മനുഷ്യ സമൂഹത്തിന് ഭീഷണിയുയർത്തുമെന്ന് തന്നെയാണ് മസ്കിന്റെ പക്ഷം.
ഹ്യുമനോയ്ഡ് റോബോട്ടുകളുമായി ബന്ധപ്പെട്ടും മസ്ക് തന്റെ ആശങ്കയറിയിച്ചു. ‘അവയുടെ വരവോടെ മനുഷ്യരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുണ്ട്. ഒരു കാറിന് നിങ്ങളെ ഒരു കെട്ടിടത്തിനുള്ളിലും മരത്തിന് മുകളിലും പിന്തുടര്‍ന്ന് വരാന്‍ സാധിക്കില്ലല്ലോ.. - മസ്ക് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് ഗവണ്‍മെന്റുകള്‍ തിരക്കുകൂട്ടരുതെന്ന് മസ്‌ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. എ.ഐ സാങ്കേതിക വിദ്യ നിർമിക്കുന്ന കമ്പനികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം നൽകുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.