കുട്ടിയോട് 'ഷോക്കടിപ്പിക്കുന്ന' ചലഞ്ച് ചെയ്യാനാവശ്യപ്പെട്ട് ആമസോൺ അലക്സ; ഭീതി പങ്കുവെച്ച് അമ്മ
text_fieldsവിപണിയിലെ ഏറ്റവും ജനപ്രിയമായ വോയ്‌സ് അസിസ്റ്റന്റുകളിൽ ഒന്നാണ് ആമസോൺ അലക്‌സ. ചോദ്യങ്ങൾ ചോദിക്കാനും അലാറം വെക്കാനും പാട്ടുകൾ കേൾക്കാനുമടക്കം അലക്സയെ ഉപയോഗിക്കാം. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തോടെ, വെർച്വൽ അസിസ്റ്റന്‍റായ അലക്സയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് നെറ്റിസൺസ്.
10 വയസ്സുള്ള കുട്ടിയോട് അപകടകരമായ 'ടിക്ടോക് ചലഞ്ച്' ചെയ്യാൻ നിർദേശിച്ചതാണ് വിവാദത്തിന് കാരണമായത്. അലക്‌സയോട് "ചെയ്യാൻ എന്തെങ്കിലും ചലഞ്ച് തരൂ" എന്ന് ആവശ്യപ്പെട്ടപ്പോഴാണ്, ജീവൻ പോലും അപകടപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം ചെയ്യാൻ വോയ്‌സ് അസിസ്റ്റന്റ് കുട്ടിയോട് പറഞ്ഞത്. കുട്ടിയുടെ അമ്മ ക്രിസ്റ്റിൻ ലിവ്ഡാലാണ് ഇത് ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. അവർ അതിന്‍റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിരുന്നു.
ആമസോണിന്‍റെ വോയ്‌സ് അസിസ്റ്റന്‍റ് ഉപകരണമായ 'എക്കോ' കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി, വെബ്ബിൽ നിന്നുള്ള ഒരു വാർത്താ ലേഖനത്തിന്‍റെ ഭാഗമാണ് നൽകിയത്. ടിക്ടോകിൽ വൈറലായ 'പെന്നി ചലഞ്ചി'ന്‍റെ (Penny Challenge) അപകടങ്ങൾ വിശദീകരിക്കുന്ന വാർത്തയിലെ ഒരു ഭാഗം മാത്രമാണ് പറഞ്ഞുകൊടുത്തത്.
'പവർ ഔട്ട്ലെറ്റിലേക്ക് പൂർണമായും കണക്ടാവാത്ത വിധം ഫോൺ ചാർജർ പ്ലഗ്-ഇൻ ചെയ്യാനും ശേഷം ചാർജറിന്‍റെ കണക്ടിങ് പോയിന്‍റിൽ ഒരു ചില്ലറ പൈസകൊണ്ട് തൊട്ട് നോക്കാൻ' ആവശ്യപ്പെടുന്നതാണ് 'പെന്നി ചലഞ്ച്'. ഇത് ടിക്ടോക്കിൽ വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ട ചലഞ്ചുകളിൽ ഒന്നായിരുന്നു. വൈദ്യുതാഘാതമേൽക്കാനും ജീവൻ പോലും അപകടത്തിലാക്കാനും സാധ്യതയുള്ള ഈ മരണക്കളി 'സിംപിൾ വെല്ലുവിളി'യാണെന്ന് കാട്ടിയാണ് അലക്സ ചെയ്തുനോക്കാൻ പറഞ്ഞത് എന്നതാണ് ഏറ്റവും വിചിത്രം.
സങ്കീർണമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി അലക്സ സാധാരണയായി വെബ് സെർച്ച് ഫലങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, എളുപ്പമുള്ള മറ്റ് ചലഞ്ചുകൾക്ക് പകരം അലക്സ എന്തുകൊണ്ട് അപകടം നിറഞ്ഞ കാര്യം കുട്ടിയോട് ചെയ്യാൻ ആവശ്യപ്പെട്ടു എന്നത് നിഗൂഢമാണ്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ആമസോൺ രംഗത്തെത്തിയിട്ടുണ്ട്. അലക്സയിൽ നിലനിൽക്കുന്ന ഒരു സോഫ്റ്റ്വെയർ പ്രശ്നം മൂലമാണ് അത് സംഭവിച്ചതെന്ന് ആമസോൺ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നം പരിഹരിച്ചതായും അവർ ചൂണ്ടിക്കാട്ടി. ''ഉപഭോക്താക്കൾക്ക് കൃത്യവും പ്രസക്തവും സഹായകരവുമായ വിവരങ്ങൾ നൽകുന്നതിനാണ് അലക്‌സ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പിശകിനെക്കുറിച്ച് ഞങ്ങൾ അറിഞ്ഞയുടനെ, അത് പരിഹരിക്കാൻ ദ്രുതഗതിയിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. -അവർ കൂട്ടിച്ചേർത്തു.
കുട്ടിയുടെ മാതാവ് പങ്കുവെച്ച ട്വീറ്റ്
OMFG My 10 year old just asked Alexa on our Echo for a challenge and this is what she said. pic.twitter.com/HgGgrLbdS8
— Kristin Livdahl (@klivdahl) December 26, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.