സൗദിയിലെത്തുന്ന മുഴുവൻ യാത്രക്കാരും തവക്കൽനാ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം - സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsജിദ്ദ: സൗദിയിലെത്തുന്ന സന്ദർശകരടക്കമുള്ള മുഴുവൻ യാത്രക്കാരും തവക്കൽനാ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാരെ കൊണ്ടു വരുന്ന വിമാനക്കമ്പനികൾ ഇക്കാര്യം യാത്രക്ക് മുന്നേ ഉറപ്പു വരുത്തണം. സൗദിയിലെത്തി എട്ടു മണിക്കൂറിനകം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.
രാജ്യത്ത് എത്തുന്ന യാത്രക്കാരിൽ പലരും തവക്കൽനാ ആപ് ഇൻസ്റ്റാൾ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇനി മുതൽ യാത്രക്ക് മുന്നേ എല്ലാ യാത്രക്കാരും ഫോണിൽ തവക്കൽനാ ആപ് ഇൻസ്റ്റാൾ ചെയ്യണം. വിമാനത്തിൽ കയറും മുന്നേ വിമാനക്കമ്പനി ഇക്കാര്യം ഉറപ്പു വരുത്തണം. സൗദിയിലെത്തിയ ശേഷം 8 മണിക്കൂറിനുള്ളിൽ ആപിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മതി. സൗദിയിലെത്തുന്നവരുടെയും താമസിക്കുന്നവരുടേയും ആരോഗ്യ സ്ഥിതി കാണിക്കുന്ന ആപ്ലിക്കേഷനാണ് തവക്കൽനാ. വിവിധ ആരോഗ്യ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. സൗദിയിലെത്തുന്ന സന്ദർശന വിസക്കാർക്കും പുതിയ വിസക്കാർക്കും വിമാനത്താവളത്തിൽ തന്നെ നിശ്ചിത തുക നൽകിയാൽ സിം കാർഡ് ലഭിക്കും. ഇതുപയോഗിച്ച് തവക്കൽനാ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാനും ഗാക്കയുടെ നിർദേശമുണ്ട്. തവക്കൽനാ, ഖുദൂം പ്ലാറ്റ്ഫോമുകൾ വഴി ആരോഗ്യ സ്ഥിതി പരിശോധിക്കാം. ഇതിന് ശേഷം യാത്രക്കാർക്ക് ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഫോം നൽകണം. ഇത് സൗദിയിലിറങ്ങിയ ശേഷം എമിഗ്രേഷൻ ഉദ്യോഗസ്ഥർ വാങ്ങിവെക്കും. തവക്കൽനാ സൗദിയിലെത്തി എട്ടു മണിക്കൂറിനകം ഉപയോഗിക്കുമെന്ന സത്യവാങ്മൂലവും പുതിയ ഫോമിലുണ്ടാകും. ഫലത്തിൽ, യാത്രക്ക് മുന്നേ കാര്യങ്ങൾ വിമാനക്കമ്പനി പരിശോധിച്ചില്ലെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.