‘ആളുകൾ ഓഫീസിലിരുന്ന് കരയുകയാണ്...’; ആമസോൺ ഇന്ത്യയിലെ കൂട്ട പിരിച്ചുവിടലിനെ കുറിച്ച് ജീവനക്കാരൻ
text_fieldsഇ-കൊമേഴ്സ് ഭീമനായ ആമസോൺ അവരുടെ ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാൻ പോകുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇന്ത്യയിലെ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചുവെന്നും ഇ-മെയില്‍ മുഖേനയാണ് ആമസോണ്‍ ഇക്കാര്യം ജീവനക്കാരെ അറിയിച്ചതെന്നും അഞ്ചുമാസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകൾ വന്നത്.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ പോവുകയാണെന്ന് ആമസോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നും, ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍.
അതേസമയം, വ്യാപകമായ രീതിയിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനിടയിൽ കമ്പനിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ഭയാനകമായ രംഗങ്ങൾ വിവരിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഒരു ആമസോൺ ജീവനക്കാരൻ. ഏകദേശം 1,000 ജീവനക്കാരെ ഈ മാസം പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു, ചിലരുടെ കാര്യത്തിൽ ഇതിനകം തന്നെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ആമസോൺ ഇന്ത്യ ജീവനക്കാരൻ ഇന്ത്യൻ പ്രൊഫഷണലുകൾക്കായി നിർമ്മിച്ച കമ്മ്യൂണിറ്റി ആപ്പായ ഗ്രേപ്‌വൈനിൽ (Grapevine) പങ്കുവെച്ച പോസ്റ്റിലാണ് കമ്പനിയിൽ നിലനിൽക്കുന്ന സാഹചര്യം വിവരിച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് പിരിച്ചുവിടൽ വാർത്തകൾ ലഭിച്ചതിന് പിന്നാലെ, ആളുകൾ ഓഫീസിൽ വെച്ച് കരയുകയാണെന്നാണ്.
താൻ ഇന്നലെ ഓഫീസിൽ പോയിരുന്നെന്നും അവിടുത്തെ സാഹചര്യം വളരെ മോശമായിരുന്നെന്നും ജീവനക്കാരൻ കുറിച്ചു. "Amazon India Current Condition" എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ഒരു ദിവസം മുമ്പ് 'Batman1' എന്ന പേരിലുള്ള ഒരു ജീവനക്കാരൻ എഴുതിയതാണ്.
തന്റെ ടീമിലെ 75 ശതമാനം പേരെയും പിരിച്ചുവിട്ടെന്നും ജോലിയുണ്ടെങ്കിലും ജോലി ചെയ്യാൻ തനിക്ക് ഇപ്പോൾ ഒരു പ്രചോദനമില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു. ഏത് വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാരൻ വെളിപ്പെടുത്തിയിട്ടില്ല. “അവർ ക്യാബിനുകളിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഓഫീസിൽ ആളുകൾ കരയുന്നു’’. -പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ വൈറലായിട്ടുണ്ട്, 4.5 ലക്ഷത്തിലധികം കാഴ്‌ചകളും നിരവധി കമന്റുകളും പോസ്റ്റ് നേടി.
ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഉടനീളമുള്ള ഇന്ത്യയിലെ നിരവധി ആമസോൺ ഡിപാർട്ട്മെന്റുകളെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട ജീവനക്കാരെ ഇമെയിൽ വഴി അറിയിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് ഒരു നിശ്ചിത തീയതിയിൽ നേതൃത്വ ടീമിനെ കാണാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.