സിനിമയും സീരീസും നിർമിക്കാൻ പണം കണ്ടെത്തണം; യൂസർമാർക്ക് മുട്ടൻ പണിയുമായി പ്രൈം വിഡിയോ
text_fieldsഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരുള്ള ഒ.ടി.ടി ആപ്പാണ് ആമസോൺ പ്രൈം വിഡിയോ. ഒട്ടേറെ പ്രാദേശിക ഉള്ളടക്കങ്ങൾ ഉള്ളതിനാൽ നെറ്റ്ഫ്ലിക്സിനേക്കാളേറെ സബ്സ്ക്രൈബർമാരെ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കാൻ പ്രൈം വിഡിയോക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിവർഷം 1499 രൂപയും പ്രതിമാസം 299 രൂപയുമാണ് അമേരിക്കൻ വിനോദ ഭീമൻ സബ്സ്ക്രിപ്ഷൻ ചാർജായി ഈടാക്കുന്നത്.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, ആപ്പിൽ പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി പ്രൈം വീഡിയോ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം യൂസർമാർക്ക് അതുമായി ബന്ധപ്പെട്ട ഇമെയിൽ ലഭിച്ചിരിക്കുകയാണ്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ, പരസ്യങ്ങളില്ലാതെ കാണാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. അതിനായി ഒരു തുക വേറെ തന്നെ നൽകണം. അതായത്, 1499 രൂപയുടെ പ്ലാൻ ആണ് പ്രൈം വിഡിയോയിൽ നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ പോലും, വിഡിയോ കാണുന്നതിനിടെ ഇനി മുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങും. അതൊഴിവാക്കാനായി പ്രതിമാസം 2.99 ഡോളറാണ് (248.8 രൂപ) കമ്പനി ആവശ്യപ്പെടുന്നത്.
പുതിയ ഉള്ളടക്കങ്ങൾ നിർമിക്കാനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് മാറ്റം കൊണ്ടുവരുന്നതെന്ന് പ്രൈം വിഡിയോ അധികൃതർ പറയുന്നു. അതേസമയം, മറ്റ് സ്ട്രീമിങ് സേവനങ്ങളെയും ചാനലുകളെയും അപേക്ഷിച്ച് വളരെ കുറച്ച് പരസ്യങ്ങൾ മാത്രമായിരിക്കും പ്രൈം വിഡിയോയിലുണ്ടായിരിക്കുകയെന്നും അവർ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഈ മാറ്റം ഉടൻ വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.