പരസ്പരം സഹായിക്കാൻ ലക്ഷദ്വീപിൽ നിന്നൊരു 'ആപ്'
text_fieldsകോഴിക്കോട്: മനുഷ്യനെ സഹായിക്കാൻ മനസ്സുള്ളവർക്ക് ഡൗൺ ലോഡ് ചെയ്തുവെക്കാൻ ലക്ഷദ്വീപിൽനിന്ന് ഇതാ ഒരു ആപ്. തൊട്ടടുത്ത് ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കിൽ, വാഹനം വഴിയിൽ കുടുങ്ങി പ്രയാസപ്പെടുന്നുണ്ടെങ്കിൽ, പ്രകൃതിദുരന്തത്തിൽ ഒറ്റപ്പെട്ട് സഹായം തേടുന്നുണ്ടെങ്കിൽ അവർക്ക് എത്രയും പെട്ടെന്ന് സഹായം ഉറപ്പുവരുത്താനുപകരിക്കുന്ന ആപ് നിർമിച്ച് സമൂഹത്തിന് സാന്ത്വനമാവുകയാണ് മിനിക്കോയ് ദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ് എന്ന അധ്യാപകൻ. ഇതിനായി അദ്ദേഹം ചെലവഴിച്ചത് ഏഴര ലക്ഷം രൂപയാണ്.
ബീയിങ് ഗുഡ് (BEINGOOD) എന്ന പേരിലുള്ള ഈ ആപ്പിലൂടെ സഹായം നൽകാനും സ്വീകരിക്കാനുമാവും. മാപ്, നോട്ടിഫിക്കേഷൻ, റിയൽ ടൈം ചാറ്റ് തുടങ്ങിയ നൂതന സാധ്യതകളെ കോർത്തിണക്കിയാണ് ആപ്പിെൻറ പ്രവർത്തനം. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ ആവശ്യങ്ങൾ മുതൽ ദുരന്ത നിവാരണത്തിലും മഹാ മാരിയിലും വരെ മുൻനിര പോരാളികളെയും സന്നദ്ധപ്രവർത്തകരെയും സഹായിക്കാൻ തയാറുള്ള ഏതൊരാളെയും തമ്മിൽ അതിവേഗം ഏകോപിപ്പിക്കാൻ ഉതകുന്നതാണ് ഈ ആപ്.
അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമായാലോ വാഹന തകരാർ മൂലം വഴിയിൽ കുടുങ്ങിയാലോ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, കടലാക്രമണം പോലുള്ള ദുരന്തങ്ങളിൽ ഒറ്റപെട്ടാലോ, ഭക്ഷണം ആവശ്യമുള്ളവരെ ശ്രദ്ധയിൽ പെട്ടാലോ ഒക്കെ 'െഗറ്റ് ഹെൽപ്' ഓപ്ഷൻ വഴി ഇൗ ആപ് ഉപയോഗിക്കുന്നവർക്ക് സഹായം അഭ്യർഥിക്കാം.
തൽഫലമായി തൊട്ടടുത്ത 50 കി.മീറ്റർ വരെയുള്ള ആപ് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ പോകും. നമ്മളാൽ കഴിയുന്ന എന്തു സഹായവും ഈ ആപ്പിൽ അറിയിക്കാനും സാധിക്കും.
നമ്മുടെ കൈയിൽ ഭക്ഷണമോ വസ്ത്രമോ മറ്റെന്ത് സഹായങ്ങൾ ഉണ്ടെങ്കിലും ഗിവ് ഹെൽപ് എന്ന ഹോം സ്ക്രീൻ ബട്ടനിലൂടെ നൽകാം.
സഹായാഭ്യർഥനകൾ തീവ്രത അനുസരിച്ച് ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും ലഭ്യമായ സഹായങ്ങൾ പച്ച നിറത്തിലും മാപ്പിൽ പ്രത്യക്ഷപ്പെടും. 50 കിലോമീറ്റർ പരിധിയിലെ നോട്ടിഫിക്കേഷൻ കൂടാതെ ഫിൽട്ടർ ബട്ടനിലൂടെ എവിടെയും ഉള്ള സഹായാഭ്യർഥനകൾ വേർതിരിച്ച് എല്ലാവർക്കും കാണാനും സാധ്യമായ സഹായങ്ങൾ നൽകാനും ആവും.
നിശ്ചിത ദൗത്യം പൂർത്തീകരിക്കുന്നതിലൂടെ അഗീകാരമെന്നോണം ഓണററി പോയൻറുകളും വെർച്വൽ ബാഡ്ജുകളും ഉപയോക്താക്കളുടെ പ്രഫൈൽ പേജുകളിൽ ലഭ്യമാവും.
സൗജന്യ ആപ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഫാറൂഖ് കോളജ് പൂർവ വിദ്യാർഥിയാണ് ഷാഹുൽ ഹമീദ്. മിനിക്കോയ് സീനിയർ ബേസിക് സ്കൂളിലെ അധ്യാപകനാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ റിസോഴ്സ്പേഴ്സൻ ആണ്. കോഴിക്കോട് വെള്ളിമാട്കുന്നിൽ നിന്നാണ് ഷാഹുൽ വിവാഹം കഴിച്ചത്.
തെൻറ മനസ്സിലെ ആശയം ഡെവലപ്പർമാർക്ക് നൽകി ഒരു വർഷത്തെ പരിശ്രമത്തിലൂടെയാണ് ആപ് ജനങ്ങൾക്ക് സൗജന്യമായി നിർമിച്ച് നൽകിയത് എന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9446928869 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.