‘ചാർജിലിട്ടിരിക്കുന്ന ഐഫോണിന് സമീപം ഉറങ്ങാറുണ്ടോ’..? മുന്നറിയിപ്പുമായി ആപ്പിൾ
text_fieldsരാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പായി സ്മാർട്ട്ഫോൺ ചാർജിനിടാറുള്ളവരാണോ നിങ്ങൾ..? ഫോൺ ചാർജ് ചെയ്യുന്നതിന് അതിലും സൗകര്യപ്രദമായ സമയം വേറെയില്ല. കാരണം, ഫുൾ ചാർജാകുന്നതിന് മുമ്പായി ഫോൺ അൺപ്ലഗ് ചെയ്യേണ്ട ആവശ്യം വരില്ല എന്നത് തന്നെ. പലരും ഏറെ നേരം ഫോൺ ഉപയോഗിച്ചതിന് ശേഷം ബെഡിന് അടുത്ത് തന്നെ പ്ലഗ് ചെയ്ത ചാർജറിൽ ഫോൺ കുത്തിയിടും. ഫോൺ അടുത്തു തന്നെ ഉണ്ടായാൽ കോളുകൾ വന്നാൽ, കൈനീട്ടിയെടുക്കാനും കഴിയും. എന്നാൽ, ഈ രീതി പിന്തുടരുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. പറയുന്നത് സാക്ഷാൽ, ആപ്പിളും.
ഒരിക്കലും ചാർജിലിട്ടിരിക്കുന്ന ഐഫോണിന് സമീപം ഉറങ്ങരുതെന്നാണ് ആപ്പിൾ പറയുന്നത്. അത് തീ പടരുന്നതിലേക്കോ, കടുത്ത വൈദ്യുതാഘാതം ഏൽക്കുന്നതിലേക്കോ, അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പരിക്കുകൾ സംഭവിക്കുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കൻ ടെക് ഭീമൻ മുന്നറിയിപ്പ് നൽകുന്നു. ഐഫോണിനോ മറ്റു വസ്തുക്കൾക്കോ കേടുപാടുകൾ വരുത്താനുമിടയുണ്ടെന്ന് അവർ പറയുന്നു.
പ്രത്യേകിച്ച് ഐഫോൺ ബാക്ക് കവർ ഇട്ട് സംരക്ഷിച്ചിട്ടുണ്ടെങ്കിൽ ശരിയായ വായുസഞ്ചാരമേൽക്കാതിരിക്കുകയും അപകട സാധ്യത വർധിക്കുകയും ചെയ്യും. ഇത്, ഉറങ്ങുമ്പോൾ തലയണക്ക് അടിയിൽ ഫോൺ വെക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കാരണം, അങ്ങനെ ചെയ്താൽ, അത് ഫോൺ അമിതമായി ചൂടാകുന്നതിലേക്ക് നയിക്കുകയും ഫോണിനും ഒരുപക്ഷെ നിങ്ങൾക്കും കാര്യമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തേക്കാം.
ആപ്പിൾ പുറത്തുവിട്ട ഔദ്യോഗിക സുരക്ഷാ മെമ്മോയിൽ അവർ പറയുന്നു- "സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളോ, പവർ അഡാപ്റ്ററോ വയർലെസ് ചാർജറോ വൈദ്യുത സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അതിന് സമീപത്തായി ഉറങ്ങാനോ, അവ പുതപ്പിനോ തലയിണയ്ക്കോ നിങ്ങളുടെ ശരീരത്തിനോ താഴെയോ വയ്ക്കാനോ പാടില്ല.
നിങ്ങളുടെ ഐഫോണും ചാർജറും വയർലെസ് ചാർജറും ഉപയോഗിക്കുമ്പോഴോ ചാർജ് ചെയ്യുമ്പോഴോ നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക. ചൂട് അറിയാനുള്ള നിങ്ങളുടെ കഴിവിനെ തകരാറിലാക്കുന്ന ഏതെങ്കിലും വിധത്തിലുള്ള മെഡിക്കൽ കണ്ടീഷൻ നിങ്ങൾക്കുണ്ടെങ്കിൽ, ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ഒറിജിനൽ ചാർജർ അല്ലെങ്കിൽ കൂടുതൽ ഭയക്കണം
ചില വിലകുറഞ്ഞ ചാർജറുകൾക്ക് ആപ്പിളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകണമെന്നില്ല ആയതിനാൽ, നിങ്ങളുടെ ഉപകരണത്തിന് ചാർജ് പകരാൻ തേർഡ്-പാർട്ടി ചാർജറുകൾ ഉപയോഗിക്കുകയാണെങ്കിൽ തീപിടുത്തത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതിനെ ചെറുക്കുന്നതിന്, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന "ഐഫോണിനായി നിർമ്മിച്ചത് (Made for iPhone)" കേബിളുകൾ വാങ്ങാനും ആപ്പിൾ ശുപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.