'ചൈന കണ്ണുരുട്ടി, ആപ്പിൾ വെച്ചുനീട്ടിയത് 275 ബില്യൺ ഡോളർ'; റിപ്പോർട്ട് പുറത്ത്
text_fields2016ലാണ് സംഭവം. ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഏകദേശം 275 ബില്യൺ ഡോളർ മൂല്യമുള്ള കരാറിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിന് ആപ്പിൾ അതിന്‍റെ പങ്ക് വഹിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ഉദ്ധരിച്ച് 'ദ ഇൻഫർമേഷൻ' ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ആപ്പിളിനെതിരെയുള്ള നിയന്ത്രണ നടപടികൾ റദ്ദാക്കുന്നതിന് വേണ്ടിയാണ് അത്രയും ഭീമൻ തുകയുടെ കരാർ ടിം കുക്ക് ഒപ്പുവെച്ചതെന്നും റിപ്പോർട്ടിലുണ്ട്. തങ്ങളുടെ ഉപകരണങ്ങൾക്കും സേവനങ്ങൾക്കും ചൈനയിൽ നിലനിൽപ്പ് ഭീഷണി നേരിടുമെന്ന് കണ്ടെത്തിയതോടെ, ടിം കുക്ക് വഴങ്ങുകയായിരുന്നു. 2016ൽ കുക്ക് ചൈന സന്ദർശിച്ചപ്പോഴായിരുന്നു സംഭവം.
അതേസമയം, കരാറിന് മുമ്പ് വരെ ആപ്പിൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടത്ര സംഭാവന നൽകുന്നില്ലെന്ന് ചൈനീസ് അധികൃതർ വിശ്വസിച്ചിരുന്നത്രേ, ഒരു ചൈനീസ് സർക്കാർ ഏജൻസിയുമായാണ് ടെക് ഭീമന്‍റെ തലവൻ കരാറൊപ്പിട്ടത്. സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരണമറിയിച്ചിട്ടില്ല.
പുതിയ റീട്ടെയിൽ സ്റ്റോറുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ, പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയ്ക്കായാണ് ചൈനയിലെ ആപ്പിളിന്‍റെ ചില നിക്ഷേപങ്ങളെന്ന് കരാർ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ രാജ്യത്ത് 83% വാർഷിക വിൽപ്പന വളർച്ച നേടിയ ചൈന ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്.
കരാറിന്‍റെ ഭാഗമായി, ആപ്പിൾ തങ്ങളുടെ ഉപകരണങ്ങളിൽ ചൈനീസ് വിതരണക്കാരിൽ നിന്നുള്ള കൂടുതൽ ഘടകങ്ങൾ ഉപയോഗിക്കുമെന്നും ചൈനീസ് സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പിടുമെന്നും ചൈനീസ് സർവകലാശാലകളുമായി സാങ്കേതികവിദ്യയിൽ സഹകരിക്കുമെന്നും ചൈനീസ് ടെക് കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തുമെന്നും ഇൻഫർമേഷൻ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.