ഉയ്ഗൂർ മുസ്ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നു; ചൈനീസ് വിതരണക്കാരെ ഒഴിവാക്കി ആപ്പിൾ
text_fieldsചൈനയിലെ ഉയ്ഗൂർ മുസ്ലിംകളെ അടിമപ്പണിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രധാനപ്പെട്ട വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ച് അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ. ഐഫോൺ 12 ക്യാമറ മൊഡ്യൂൾ വിതരണ ശൃംഖലയിൽ നിന്ന് ഒഫിലിം (OFilm) ഗ്രൂപ്പ് എന്ന കമ്പനിയെയാണ് പുറത്താക്കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ബ്ലൂംബർഗ് ക്വിന്‍റാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍നിന്ന് ഏറെ ദൂരെയുള്ള നാടുകളിലെ വിവിധ കമ്പനികളിലേക്ക് ഉയ്ഗൂർ മുസ്ലിംകളെ നിര്‍ബന്ധിത തൊഴിലിനായി അയക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സമീപകാലത്താണ് പുറത്തുവന്നത്. ചൈനീസ് സ്മാർട്ട്ഫോൺ ഘടക വിതരണക്കാരായ ഒഫിലിം ഗ്രൂപ്പ് ഉയ്ഗൂർ ന്യൂനപക്ഷങ്ങളെ സിൻജിയാങ്ങിൽ നിന്ന് രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലേക്കും ജോലിക്കായി മാറ്റുന്ന സർക്കാർ പരിപാടിയുമായി സഹകരിക്കുകയും അവരെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്തു എന്ന് കാട്ടി ആപ്പിൾ അവരുമായുള്ള സഹകരണം വിച്ഛേദിക്കുകയായിരുന്നു.
തങ്ങളുടെ വിതരണക്കാരിലൊരാൾ ഉയ്ഗുർ മുസ്ലിങ്ങളെ അടിമപ്പണിക്കായി പ്രൊഡക്ഷൻ ലൈനുകളിൽ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ ആപ്പിൾ രംഗെത്തത്തിയിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ ആപ്പിളിന്‍റെ മനംമാറ്റമാണ് സൂചിപ്പിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ആപ്പിൾ ചൈനീസ് സപ്ലെയറുമായുള്ള കരാറുകൾ അവസാനിപ്പിച്ചതായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ ബ്ലൂംബർഗിനോട് പറഞ്ഞു.
തൊഴിലാളികളുടെ അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആപ്പിൾ ചൈന കേന്ദ്രീകരിച്ചുള്ള തങ്ങളുടെ വിതരണ ശൃംഖലകളോട് മുമ്പ് കടുത്ത സമീപനങ്ങൾ സ്വീകരിച്ചിരുന്നു. 2020ൽ തൊഴിലാളികളോടുള്ള മോശമായ സമീപനം ചൂണ്ടിക്കാട്ടി ഐഫോൺ-അസംബ്ലർ പെഗട്രോൺ കോർപ്പറേഷനെ ആപ്പിൾ സസ്പെൻഡ് ചെയ്യുകയുണ്ടായി. സിൻജിയാങ്ങിലെ ഉയ്ഗൂർ വിഭാഗക്കാരോടുള്ള ചൈനയുടെ ക്രൂര നടപടികളിൽ അമേരിക്ക പല സമയത്തായി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വംശഹത്യയെന്നാണ് അതിനെ യു.എസ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഒഫിലിമിനെതിരെ നിലനിൽക്കുന്ന ഗുരുതര ആരോപണങ്ങൾ ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല.
പ്രദേശത്ത് ഏറെക്കാലമായി നിലനിൽക്കുന്ന പട്ടിണിമാറ്റാനെന്ന പേരിൽ തൊഴിൽ മേളകൾ നടത്തിയാണ് ആയിരക്കണക്കിന് ഉയ്ഗൂറുകളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ചൈന നാടുകടത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ഫാക്ടറികളിലേക്ക് വ്യാപകമായി അവരെ എത്തിക്കുന്നതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജോലിയോടൊപ്പം സൗകര്യങ്ങൾ ഒട്ടുമില്ലാത്ത ഇടുങ്ങിയ താമസ സ്ഥലങ്ങളോടു ചേര്‍ന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദര്‍ശ ക്ലാസുകളെടുത്തും അവരെ ചൈനീസ് സർക്കാർ 'പരിശീലിപ്പിക്കുന്നതായും' റിപ്പോർട്ടിൽ പറയുന്നുണ്ട്. 2017മുതല്‍ 10 ലക്ഷത്തിലേറെ ഉയ്ഗൂറുകളെ പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളെന്ന പേരില്‍ സിന്‍ജിയാങ്ങിന്‍റെ പല ഭാഗങ്ങളില്‍ തുടങ്ങിയ തടവറകളിൽ പാർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.