ഇന്ത്യൻ വിപണിയും ആപ്പിൾ പിടിക്കുന്നു; ആദ്യമായി ടോപ് ഫൈവിൽ
text_fieldsന്യൂഡൽഹി: സാംസങ്ങും ഷവോമിയും ഹുവാവെയും ഉൾപ്പെടെയുള്ള സ്മാർട്ട് ഫോൺ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ഇന്ത്യൻ വിപണിയിൽ ആപ്പിളും ശക്തിപ്രാപിക്കുന്നു. പോയവർഷത്തെ അവസാന പാദമായ ഒക്ടോബർ -ഡിസംബർ കാലയളവിൽ ആപ്പിൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കുന്ന ടോപ് ഫൈവ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായി. വിപണിവിഹിതത്തിന്റെ പത്ത് ശതമാനവും ഇക്കാലയളവിൽ ആപ്പിൾ പിടിച്ചു.
ഫെസ്റ്റിവൽ സീസണിൽ ഐഫോണുകൾക്ക് ഉൾപ്പെടെ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ വിൽപ്പന ഉയരുകയായിരുന്നു. ഓൺലൈൻ റീടെയ്‍ലർമാർ 24 മാസം വരെ പലിശരഹിത ഇ.എം.ഐ പ്ലാനുകൾ അവതരിപ്പിച്ചത്, ഇടത്തരം വരുമാനക്കാരും ആപ്പിൾ ഫോണുകൾ സ്വന്തമാക്കുന്നതിലേക്ക് നയിച്ചു. 2026ഓടെ ആഗോള തലത്തിൽ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. യു.എസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
2023ൽ ഒമ്പത് ദശലക്ഷം യൂണിറ്റ് ആപ്പിൾ ഡിവൈസുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 2024ൽ ഇത് 12 ദശലക്ഷം യൂണിറ്റായി ഉയർന്നു. 34 ശതമാനം വളർച്ചയാണ് ഒറ്റ വർഷം ഇന്ത്യൻ വിപണിയിൽ കമ്പനി സ്വന്തമാക്കിയത്. ഇന്ത്യയിൽ ഉൽപാദനം തുടങ്ങിയതും കമ്പനിക്ക് വലിയ മുതൽക്കൂട്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയൽ 35 ശതമാനത്തിലേറെ ലാഭമുയർത്താനും ആപ്പിളിന് പോയ വർഷം കഴിഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിൽ എയർപോഡും ഐപാഡും ഉൾപ്പെടെ കൂടുതൽ ഉൽപ്പന്നങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.