സോഫ്റ്റ്വെയർ അപ്ഡേറ്റിന് ശേഷം ഐഫോണിൽ പ്രശ്നങ്ങൾ; ആപ്പിളിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: സോഫ്റ്റ്വെയർ അപ്ഡേറ്റിന് ശേഷം ഫോണിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആപ്പിളിന് നോട്ടീസയച്ച് കേന്ദ്രസർക്കാർ. ഐ.ഒ.എസ് 18 സോഫ്റ്റ്വെയർ അപ്ഡേറ്റിന് ശേഷമാണ് ഐഫോണിൽ പ്രശ്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് കമ്പനിക്ക് നോട്ടീസ് അയക്കുകയായിരുന്നുവെന്ന് ഉപഭോക്തൃകാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ആപ്പിളിൽ നിന്ന് പ്രതികരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപ്ഡേറ്റിന് ശേഷം ഫോണിന്റെ പെർഫോമൻസ് കുറഞ്ഞുവെന്ന് ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനിൽ പരാതി വന്നിരുന്നു. ഇന്ത്യയിൽ ആപ്പിളിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിമർശനം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാറിന്റെ നടപടി. ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.
കഴിഞ്ഞ വർഷം ആപ്പിളിന്റെ ഉപഭോക്താക്കൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിളിന്റെ ഐ.ഒ.എസ് സോഫ്റ്റ്വെയറിലെ രണ്ട് പ്രശ്നങ്ങൾ ഹാക്കർമാർക്ക് ഡാറ്റ മോഷണത്തിന് സഹായകമാണെന്നും ഇത് ഫോണിന് മേൽ അവർക്ക് നിയന്ത്രണം നൽകുമെന്നുമായിരുന്നു സർക്കാറിന്റെ മുന്നറിയിപ്പ്.
ഐ.ഒ.എസിന് പുറമേ മാക് ഒ.എസ്, ഐപാഡ് ഒ.എസ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും കേന്ദ്രസർക്കാർ പ്രശ്നം കണ്ടെത്തിയിരുന്നു. ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയതായി നേരത്തെ കമ്പനി സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.