ചൈനക്ക് പകരം ഇന്ത്യയിൽ ആപ്പിൾ വികസിപ്പിക്കുന്ന ആദ്യ ഫോൺ - ഐഫോൺ 17
text_fields'മെയ്ഡ് ഇൻ ഇന്ത്യ' ഐഫോണുകൾ ഇപ്പോൾ നിലവിലുണ്ടെങ്കിലും, അവ രാജ്യത്ത് അസംബിൾ ചെയ്യുന്നത് മാത്രമാണെന്നും ഫോണിന്റെ പ്രധാന വികസനം ചൈനയിലാണ് നടക്കുന്നതെന്നുമെക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ആപ്പിൾ പതിയെ പതിയെ ചൈനയെ പൂർണ്ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കൂപ്പർട്ടിനോ ഭീമൻ ആദ്യമായി ഒരു ഐഫോൺ മോഡൽ ഇന്ത്യയിൽ വികസിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതുവരെ പ്രാഥമിക ഓപ്ഷനായിരുന്ന ചൈനക്ക് പകരം തങ്ങളുടെ വരാനിരിക്കുന്ന വനില ‘ഐഫോൺ 17’ -ന്റെ പൂർണ്ണമായ വികസനം ഇന്ത്യയിൽ നടത്താനാണ് ആപ്പിൾ പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് 2024 ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ചേക്കാം, ലോഞ്ച് 2025 ന്റെ രണ്ടാം പകുതിയിലും നടക്കും.
ഡിസൈൻ വികസനത്തിലെ ബുദ്ധിമുട്ട് കുറക്കാനാണ് ഇന്ത്യയിൽ സ്റ്റാൻഡേർഡ് മോഡൽ മാത്രം വികസിപ്പിക്കുന്നത്. ഇത് ഡിസൈൻ അപകടസാധ്യതകൾ കുറയ്ക്കും. നിലവിലെ സാഹചര്യത്തിൽ പോലും സ്റ്റാൻഡേർഡ് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതും.
2024-ഓടെ ആഗോളതലത്തിൽ 'മെയ്ഡ് ഇൻ ഇന്ത്യ' ഐഫോണുകളുടെ ശതമാനം 20-25% ആയി വർദ്ധിപ്പിക്കാൻ ആപ്പിൾ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇത് ആഗോള കയറ്റുമതിയുടെ 10-14% ആണ്. അതുപോലെ, ചൈനയിലെ Zhengzhou, Taiyuan എന്നിവിടങ്ങളിലെ ഉൽപ്പാദനം ഗണ്യമായി കുറക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
ബെംഗളൂരുവിലെ വിസ്‌ട്രോൺ പ്രൊഡക്ഷൻ പ്ലാന്റ് ഏറ്റെടുത്തതിന് ശേഷം ടാറ്റ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ വരുന്നത്. ഏകദേശം രണ്ട് വർഷത്തിനുള്ളിൽ ഇത് സംഭവിച്ചേക്കാം. രാജ്യത്തെ ഐഫോൺ ഉൽപ്പാദനത്തിന്റെ 75-80% വിഹിതമുള്ള ഫോക്‌സ്‌കോണുമായി മത്സരിക്കാൻ ടാറ്റ ഇന്ത്യയിൽ ഐഫോൺ 17 പൂർണ്ണമായും നിർമ്മിക്കാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഇത് ആപ്പിളിന്റെ പ്രമുഖ വിപണിയായി ഇന്ത്യയെ മാറാൻ സഹായിച്ചേക്കും. കൂടാതെ എല്ലാ ഐഫോൺ മോഡലുകളും ഇവിടെ നിർമ്മിക്കുന്നത് നമുക്ക് ഭാവിയിൽ കാണാൻ കഴിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.