'ഹൃദയത്തിൽ അപൂർവ ട്യൂമർ'; ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ച അനുഭവം പറഞ്ഞ് യുവതി
text_fieldsകിം ഡർകീ എന്ന അമേരിക്കക്കാരിയാണ് 'ആപ്പിൾ വാച്ച്' രക്ഷകനായ അനുഭവം പങ്കിട്ടത്. ജീവൻ വരെ നഷ്ടപ്പെടുത്താവുന്ന ഒരു അപൂർവ ട്യൂമർ കണ്ടെത്താൻ ആപ്പിൾ വാച്ച് സഹായിച്ചതായി അവർ സാക്ഷ്യപ്പെടുത്തുന്നു. വാച്ചിലെ ഹാർട്ട് റേറ്റ് സെൻസറാണ് കഥയിലെ നായകൻ.
തന്റെ ഹൃദയമിടിപ്പ് ക്രമരഹിതവും, വേഗത്തിലുമാണെന്ന് രണ്ട് രാത്രികളിൽ തുടർച്ചയായി ആപ്പിൾ വാച്ച് മുന്നറിയിപ്പ് നൽകിയതായി കിം പറഞ്ഞു. എന്നാൽ, അത് വാച്ച് തെറ്റായി റീഡ് ചെയ്തതാകാമെന്ന് അവർ കരുതി. പക്ഷെ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകിയതോടെ അവർ പരിഭ്രാന്തയായി.
''മൂന്നാമത്തെ രാത്രി അൽപ്പം കൂടിയ സംഖ്യയാണ് വാച്ചിൽ ദൃശ്യമായത്. അതോടെ പരിശോധിക്കാൻ തന്നെ തീരുമാനിച്ചു. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർമാർ പറയുകയാണെങ്കിൽ വാച്ച് ഉപേക്ഷിക്കാമെന്ന് വെച്ചതായും' കിം ഡർകി പറഞ്ഞു.
എന്നാൽ, പരിശോധനയിൽ കിമ്മിന്റെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ കുഴപ്പമുണ്ടെന്നും അതിവേഗത്തിലും ക്രമരഹിതവുമായാണ് അത് മിടിക്കുന്നതെന്നും ഡോക്ടർമാർ കണ്ടെത്തി. അതിന് കാരണമായതാകട്ടെ, അജ്ഞാതവും അപകടകാരിയുമായ ട്യൂമറും. ഹൃദയത്തിന്റെ രക്തവിതരണത്തെ തടസപ്പെടുത്തുന്നതും അപൂർവവും അതിവേഗം വളരുന്നതുമായ മൈക്സോമ (myxoma) എന്ന ട്യൂമറായിരുന്നു കിമ്മിനെ ബാധിച്ചിരുന്നത്. ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ രോഗിക്ക് സ്ട്രോക് ഉണ്ടാക്കുന്നതാണീ ട്യൂമർ.
ആപ്പിൾ വാച്ചിന്റെ മുന്നറിയിപ്പ് കാരണം, ഡോക്ടർമാർ കിമ്മിനെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയും, അവിടെ അവർ അഞ്ച് മണിക്കൂർ തുറന്ന ഹൃദയ ശസ്ത്രക്രിയയിലൂടെ നാല് സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന മാരകമായ ട്യൂമർ നീക്കം ചെയ്യുകയും ചെയ്തു.
ക്രമരഹിതമായ ഹൃദയമിടിപ്പല്ലാതെ കിമ്മിന് മറ്റേത് ലക്ഷണങ്ങളുമില്ലായിരുന്നെന്ന് ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജീവനെടുക്കാൻ ശേഷിയുള്ള ട്യൂമറിൽ നിന്ന് യുവതിക്ക് രക്ഷിയായത് ആപ്പിൾ വാച്ചിന്റെ ഹാർട്ട് റേറ്റ് സെൻസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.