വീണ് അബോധാവസ്ഥയിലായ 78കാരെൻറ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്; എങ്ങനെയെന്ന് നോക്കാം
text_fieldsആപ്പിൾ വാച്ച് വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. ഇത്തവണ അമേരിക്കയിലെ നോർത് കരോലിനയിലുള്ള മൈക്ക് യാഗർ എന്ന 78കാരനാണ് ഐ-വാച്ച് രക്ഷകനായത്. തനിയേ നടന്നുപോവുകയായിരുന്ന അദ്ദേഹം വഴിമധ്യേ വീണ് അബോധാവസ്ഥയിലാവുകയായിരുന്നു. മറ്റാരും സഹായിക്കാനില്ലാത്ത സാഹചര്യത്തിൽ സംഭവം മനസിലാക്കിയ ആപ്പിൾ വാച്ച് അധികൃതർക്ക് ലൊക്കേഷനടക്കം വിവരം നൽകി.
വാച്ചിലെ 'ഫാൾ ഡിറ്റക്ഷൻ ഫീച്ചറാ'ണ് രക്ഷക്കെത്തിയത്. യാഗർ വീണതിന് പിന്നാലെ 60 സെക്കൻറുകൾ നിരീക്ഷിച്ച വാച്ച് അനക്കമില്ലെന്നും കണ്ടെത്തിയതോടെ 911 എന്ന നമ്പറിലേക്ക് വിളിക്കുകയായിരുന്നു. 'ബോധം വന്നപ്പോൾ ഞാനാദ്യം (ഉദ്യോഗസ്ഥനോട്) ചോദിച്ചത് - ഇവിടെയെത്താൻ നിങ്ങൾക്ക് എങ്ങനെ സാധിച്ചു എന്നാണ്...?, നിങ്ങളുടെ വാച്ച് ഞങ്ങൾക്കൊരു സന്ദേശമയച്ചു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അത് കേട്ടതും ഞാൻ അത്ഭുതപ്പെട്ടുപോയി'' -മൈക്ക് യാഗർ ഫോക്സ് 8 എന്ന ന്യൂസ് ചാനലിനോട് പറഞ്ഞു.
ആപ്പിൾ വാച്ച് ധരിച്ചയാൾ അപകടകരമായ രീതിയിൽ വീണാൽ അത് വാച്ച് കണ്ടെത്തും. പിന്നാലെ വൈബ്രേറ്റ് ചെയ്യുകയും അലാറം മുഴക്കി ഒരു അലേർട്ട് തരികയും ചെയ്യും. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെടാനായി ഡിസ്പ്ലേയിൽ വിവരങ്ങൾ ദൃശ്യമാക്കും. വീണ വ്യക്തിക്ക് അനക്കമുണ്ടെങ്കിൽ പ്രതികരണത്തിനായി വാച്ച് അൽപ്പനേരം കാത്തിരിക്കും. ഒരു മിനിറ്റ് നേരം കഴിഞ്ഞാൽ, വാച്ച് സ്വമേധയാ അധികൃതരെ വിവരമറിയിക്കുകയും ചെയ്യും. വീഴ്ച്ച സംഭവിക്കുേമ്പാൾ മൈക്ക് തനിച്ചായിരുന്നു. അദ്ദേഹം ഒരു മിനിറ്റോളം അനങ്ങാതായപ്പോൾ, വാച്ചിലെ ഫാൾ ഡിറ്റക്ഷൻ സവിശേഷത സമ്മർഫീൽഡ് അഗ്നിശമന വകുപ്പിന് യാന്ത്രികമായി അലേർട്ട് അയക്കുകയായിരുന്നു.
വീഴ്ച്ചയിൽ മൈക്കിെൻറ മൂക്ക് തകരുകയും പലഭാഗങ്ങളിലായി മുറിവുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ''ഇത് അൽപ്പം ചിലവേറിയതാണ്... പക്ഷെ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ അത് (ആപ്പിൾ വാച്ച്) വാങ്ങുകയാണെങ്കിൽ തീർച്ചയായും ഗുണം ചെയ്യും. ഞാൻ 78 കാരനാണ്, അതുകൊണ്ട് എനിക്കിത് ഉപകാരപ്പെട്ടു''. -മൈക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.