ഇന്ത്യക്ക് 31 സൈനിക ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകി യു.എസ്
text_fieldsഇന്ത്യയ്ക്ക് 31 എംക്യു 9ബി പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകി യു.എസ് കോൺഗ്രസ്. 3.99 ബില്യൺ ഡോളറിൻ്റെ ഡ്രോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അനുമതി നൽകിയതായി ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി അറിയിച്ചു. വിൽപ്പന സംബന്ധിച്ച് കോൺഗ്രസിനെ അറിയിച്ച് ആവശ്യമായ സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാവികസേനയ്ക്ക് പതിനഞ്ചും കര, വ്യോമ സേനകൾക്ക് എട്ട് വീതവും ഡ്രോണുകളാണു ലഭിക്കുക. ലേസർ നിയന്ത്രിത ബോംബുകൾ, ഹെൽഫയർ മിസൈലുകൾ എന്നിവ വഹിക്കാൻ കെൽപുള്ളതാണീ പൈലറ്റില്ലാ വിമാനങ്ങൾ.
ചൈനീസ്, പാക്ക് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രോണുകളുടെ വരവു സേനകൾക്ക് ഊർജം പകർന്നേക്കും. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണു കരാർ പ്രഖ്യാപിച്ചത്.
രണ്ട് ചിറകുകളുടെയും ആകെ നീളം ഒരു ക്രിക്കറ്റ് പിച്ചിനോളം വരുമെന്നാണ് റിപ്പോർട്ട്. അവയ്ക്ക് രണ്ട് ടൺ വരെ സ്ഫോടകവസ്തുക്കൾ വഹിക്കാനും കഴിയും. പരമാവധി 40,000 അടി ഉയരത്തിൽ 40 മണിക്കൂർ നിർത്താതെ പറക്കുന്ന ഡ്രോണുകൾക്ക് ശത്രുമേഖലകൾ ലക്ഷ്യമിട്ടുള്ള സൂക്ഷ്മ ആക്രമണങ്ങൾ നടത്താനുള്ള കഴിവുമുണ്ട്. യുദ്ധക്കപ്പലുകൾ, പീരങ്കികൾ എന്നിവയെയും ലക്ഷ്യമിടാനും തകർക്കാനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.