ഗാഡ്ജറ്റുകൾ നിങ്ങളെ അടിമയാക്കിയോ? ശീലിക്കൂ, ഡിജിറ്റൽ മിനിമലിസം
text_fieldsഗാഡ്ജറ്റുകളുടെ പിടിയിൽനിന്ന് ബോധപൂർവം നമ്മുടെ ജീവിത നിമിഷങ്ങളിലേക്ക് രക്ഷപ്പെടുകയെന്നതാണ് ഡിജിറ്റൽ മിനിമലിസം എന്ന സങ്കൽപത്തിന്റെ പൊരുൾ
നമ്മുടെ കൈയിലും ചുറ്റിലുമുള്ള ഗാഡ്ജറ്റുകളിൽനിന്ന് അൽപനേരമെങ്കിലും മോചനം കിട്ടിയാലുള്ള പ്രയോജനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യത്തിൽ കാര്യമായി ചിന്തിച്ചവർ കണ്ടെത്തിയ വഴിയാണ് ഡിജിറ്റൽ മിനിമലിസം. ഗാഡ്ജറ്റുകളുടെ ലോകത്തുനിന്ന് ബോധപൂർവം നമ്മുടെ ജീവിതനിമിഷങ്ങളിലേക്ക് രക്ഷപ്പെടുകയെന്നതാണ് ഡിജിറ്റൽ മിനിമലിസം എന്ന സങ്കൽപത്തിന്റെ പൊരുൾ. നമ്മുടെ ജീവിതം പൂർണമായും ഏറ്റെടുക്കാൻ കഴിവുള്ള നിർമിത ബുദ്ധിയുടെ വരവുകൂടി ആയതോടെ, ഗാഡ്ജറ്റുകളിൽ നിന്ന് മാറിനിൽക്കാനുള്ള കഴിവ് ഏറെ പ്രാധാന്യമർഹിക്കുന്നു.
മിനിമൽ ഡിജിറ്റലിസം ശീലിക്കുന്നതിലൂടെ നമ്മുടെ സാങ്കേതിവിദ്യ ഉപയോഗം പരിമിതപ്പെടുത്തി അതിന്റെ ദോഷങ്ങൾ കുറക്കാൻ സാധിക്കും. അതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്വാഭാവിക കഴിവുകൾ പൂർണമായി പുറത്തെടുക്കാനും സഹായിക്കും.
‘‘ഡിജിറ്റൽ മിനിമലിസം ശീലിച്ചാൽ, സമയം കിട്ടുമ്പോഴെല്ലാം ഗാഡ്ജറ്റുകളിൽ മുഴുകാതെ നിശ്ചിത ആവശ്യത്തിനുവേണ്ടി എന്ന ബോധത്തിൽ ടെക്നോളജി ഉപയോഗിക്കാൻ സാധിക്കും. നിറഞ്ഞുകവിഞ്ഞ ഇൻബോക്സും മെമ്മറിയുമെല്ലാം സൃഷ്ടിക്കുന്ന കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽനിന്ന് യഥാർഥ ജീവിതയാഥാർഥ്യങ്ങളിലേക്ക് ചുവടുവെക്കാൻ ഇത് അനിവാര്യമാണ്’’ -ലൈഫ് കോച്ചായ സിദ്ധാർഥ് എസ്. കുമാർ പറയുന്നു.
ഡിജിറ്റൽ മിനിമലിസം ശീലിക്കുന്നവർ ഇങ്ങനെയായിരിക്കും:
- ആവശ്യമില്ലാത്ത ആപ്പുകൾ ഒഴിവാക്കും
- സ്ക്രീൻ ടൈം കുറക്കും
- പരിധി സെറ്റ് ചെയ്തുമാത്രം ഡിജിറ്റൽ ഉപയോഗം
- ഓഫ്ലൈൻ ആക്ടിവിറ്റികളായ വായന, മറ്റു ഹോബികൾ, പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കൽ എന്നിവക്ക് സമയം കണ്ടെത്തും.
ഗുണങ്ങൾ
- മാനസികമായി വ്യക്തതയുണ്ടാകും.
- ഓരോ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
- ജീവിതത്തിന് അർഥമുണ്ടെന്ന് ഫീൽചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും
സ്ക്രീൻ ടൈം കുറക്കാം
- കൃത്യമായ സമയം വെച്ച് മാത്രം ടെക്നോളജി ഉപയോഗിക്കുക. ശ്രദ്ധ തെറ്റിക്കുന്ന നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
- ടെക്നോളജിയിൽനിന്ന് പതിവായി ബ്രേക്ക് എടുക്കാം.
- ഭക്ഷണമേശ, കിടപ്പുമുറി തുടങ്ങി കുടുംബത്തിന്റെ നല്ല നിമിഷങ്ങൾ ചെലവിടുന്ന ഇടങ്ങളിൽ ഗാഡ്ജറ്റുകൾ ഒഴിവാക്കാം.
- ഉറക്കത്തിനും ഉണരാനും ഒരു സമയം നിശ്ചയിക്കുകയും അത് പാലിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.