നിങ്ങളാണോ.. വീട്ടിലെ ഒലിവർ ട്വിസ്റ്റ്...? സ്മാർട്ടാവാൻ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsനമ്മുടെ ജീവിതത്തിലെ സകല മേഖലകളിലും പുത്തൻ സാങ്കേതികവിദ്യകൾ കൈയടക്കി കൊണ്ടിരിക്കുന്നു. സ്മാർട്ട്ഫോണുകളുടെ വരവോടെ എല്ലാം ഇപ്പോൾ സ്മാർട്ടാണ്. പുതിയ തലമുറ അനായാസേന കാര്യങ്ങൾ സ്വായത്തമാക്കുമ്പോൾ പഴയ തലമുറയിൽ പെട്ട ചിലർക്കെങ്കിലും അല്പം അമ്പരപ്പ് ഉണ്ടായേക്കാം. നമ്മുടെ വീടുകളിലും സമൂഹത്തിലും ഇത് സൃഷ്ടിക്കുന്ന അന്തരം ചെറുതല്ല. ഇക്കാരണത്താൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്ന പലരും നമുക്കിടയിലുണ്ട്.
എന്നാൽ നിങ്ങൾ ഒന്നു മനസ്സുവെച്ചാൽ പഠിച്ചെടുക്കാവുന്ന കാര്യങ്ങളെ ഇതിലുള്ളൂ. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സ്മാർട്ട് ഫോണിലൂടെ നമുക്ക് ചെയ്യാൻ സാധിക്കും. വൈദ്യുതി ബിൽ അടക്കാനും മൊബൈൽ റീചാർജ് ചെയ്യാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല. പഴയ കാലഘട്ടത്തിൽ നിന്നും വിഭിന്നമായി നമ്മുടെ നാട്ടിൽ ഏത് കടയിൽ ചെന്നാലും ഇപ്പോൾ മുൻവശത്ത് തന്നെ ഒരു ക്യു ആർ കോഡ് കാണാം. സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കുന്നതിനു പകരം ക്യുആർ കോഡ് സ്കാൻ ചെയ്തു പെയ്മെൻറ് നടത്താനാണ് ഇന്ന് ആളുകൾക്ക് ഏറെ ഇഷ്ടം.
സാമൂഹിക അകലം പാലിച്ച് പെയ്മെൻറ് നടത്താനും ചില്ലറക്കായി കാത്തു നിൽക്കേണ്ടതില്ല എന്നതും ആളുകളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കുന്നു. ഷോപ്പിങ്ങിനു പോകുമ്പോഴും വിനോദസഞ്ചാരത്തിന് ദീർഘദൂര യാത്ര പോകുമ്പോഴെല്ലാം ഡിജിറ്റൽ പെയ്മെൻറ് സംവിധാനം ഒരു തുണയാണ്. പണം കയ്യിൽ കരുതുന്നതിന് പകരം സുരക്ഷിതമായി ആയി ഫോൺ ഉപയോഗിച്ച് ചിലവഴിക്കാം. പണം നഷ്ടപ്പെടുമെന്നോ മോഷ്ടിക്കപ്പെടുമോ എന്ന ഭയം വേണ്ട.
പണ്ട് തൊട്ടടുത്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ പലരും ഇന്ന് ഓൺലൈൻ ആയിട്ടാണ് ഒട്ടുമിക്ക സാധനങ്ങളും വാങ്ങിക്കുന്നത്. ഓൺലൈൻ സ്റ്റോറുകളിൽ ഓഫറുകൾ കിട്ടുന്നത് കൊണ്ട് മാത്രമല്ല ലോക്ക് ഡൗൺ കാരണമുള്ള നിബന്ധനകളും ആളുകളെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ഏറെ അടുപ്പിച്ചു. ഏതു സാധനവും സ്മാർട്ഫോൺ ഉപയോഗിച്ച് ഓൺലൈൻ ആയി ബുക്ക് ചെയ്യാനും വളരെ എളുപ്പമാണ്.
ഇനി നമുക്കും എങ്ങനെ സ്മാർട്ട് ആവാൻ പറ്റും എന്ന് നോക്കാം.ഇതിനായി ആദ്യം വേണ്ടത് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട്, എ ടി എം കാർഡ്, നമ്മുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ആയിരിക്കുക ഇത്രയും കാര്യങ്ങളാണ്. ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെന്നാൽ ഇത്തരം സ്മാർട്ട് പെയ്മെന്റുകൾ ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരുപാട് ആപ്പുകൾ കാണാൻ സാധിക്കും.
ഇന്ന് ഒട്ടുമിക്ക ബാങ്കുകൾക്കും ഇത്തരത്തിൽ അവരുടേതായ ആപ്പുകൾ ലഭ്യമാണെങ്കിലും ഏറെ ജനപ്രിയമായ ആപ്പുകൾ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ, Mobikwik തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകളാണ്. ഈ ആപ്പുകൾ ജന പ്രിയമാകാൻ കാരണം പലപ്പോഴും അവ നൽകുന്ന ഓഫറുകളും ക്യാഷ് ബാക്കുകളുമാണ്.
മുകളിൽ പറഞ്ഞ ആപ്പുകൾ ഉപയോഗിച്ച് സ്വന്തമായി ആയി മൊബൈൽ റീചാർജ് ചെയ്യാം, വൈദ്യുതി, വാട്ടർ,കേബിൾ ടിവി, ഡി ടി എച്ച് ബിൽ അടക്കാം. ഇൻഷുറൻസ്,ഫാസ്റ്റ്ടാഗ് റീച്ചാർജ്, ലാൻഡ് ലൈൻ ബിൽ,ഇൻറർനെറ്റ് ബിൽ പെയ്മെൻറ് തുടങ്ങി വീട്ടിലേക്ക് ഗ്യാസ് സിലിണ്ടർ വേണമെങ്കിൽ അതും ഈ ആപ്പുകൾ വഴി ബുക്ക് ചെയ്യാം.
മുകളിൽ പറഞ്ഞ തേഡ് പാർട്ടി ആപ്പുകൾ വഴി മാത്രമല്ല നമ്മുടെ ബാങ്കിൻറെ തന്നെ മൊബൈൽ ബാങ്കിംഗ് ആപ്പുകൾ വഴിയും ഇത്തരം ഇടപാടുകൾ നമുക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
ഇത്തരം ഓൺലൈൻ ഇടപാടുകൾ മാത്രമല്ല, ഈ ആപ്പുകൾ വഴി നമുക്ക് ഓഫ്‌ലൈനായും ഇടപാടുകൾ നടത്താം. തൊട്ടടുത്ത കടയിലോ പെട്രോൾ പമ്പിലോ കാണുന്ന ക്യുആർ കോഡ് ഈ ആപ്പുകൾ വഴി സ്കാൻ ചെയ്ത് പെയ്മെൻറ് ചെയ്യാൻ സാധിക്കും.
ഇത്തരത്തിൽ പെയ്മെൻറ് ചെയ്യുന്ന സമയത്ത് പണം പോകുന്നത് നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആയിരിക്കും.
ഇനി ഓൺലൈൻ ഷോപ്പിംഗ് കാര്യമാണെങ്കിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, സ്നാപ് ഡീൽ തുടങ്ങി അനവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്.റിലയൻസ്,ബിഗ് ബസാർ തുടങ്ങിയ സൂപ്പർമാർക്കറ്റ് ഭീമന്മാരും ഇന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം നൽകുന്നു. ഇത്തരം സൈറ്റുകളിൽ ഏത് സാധനം ഓർഡർ ചെയ്താലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നമ്മുടെ വീട്ടിൽ ഇവർ എത്തിച്ചു തരും .
വളരെ സുരക്ഷിതവും സുതാര്യവുമായ ഇത്തരം ആപ്പുകളിൽ ഏതെങ്കിലും ഒന്ന് ഡൗൺലോഡ് ചെയ്തതിനുശേഷം തുടർന്നുള്ള കാര്യങ്ങൾ പഠിച്ചെടുക്കാനും എളുപ്പമാണ്.മുകളിൽ പറഞ്ഞ ആപ്പുകളുമായി ബന്ധപ്പെട്ട ഏതു കാര്യവും യൂട്യൂബിൽ ചെന്നാൽ കാണാൻ സാധിക്കും. ഇത്തരം അറിവുകൾ നൽകുന്ന മികച്ച വീഡിയോകൾ നമുക്ക് ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം വഴിയും കാണാം.
ഇതോടൊപ്പംതന്നെ കൂട്ടി വായിക്കാവുന്ന ഒന്നാണ് ഓൺലൈൻ ഒടിടി പ്ലാറ്റ്ഫോമുകൾ. സിനിമ-സീരിയൽ വിനോദത്തിനായി ആയി ഇന്ന് ധാരാളം ഒടിടി പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. Disney+ Hotstar, Netflix, ZEE5, Amazon Prime Video, Eros Now, Sony LIV, Jio Cinema എന്നിവ ഇവയിൽ ചിലതു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.