ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റിന് ദക്ഷിണ കൊറിയയിൽ സമാപനം
text_fieldsസോൾ: ദക്ഷിണ കൊറിയയിലെ ബുസാൻ മെട്രോപൊളിറ്റൻ സിറ്റി ആതിഥേയത്വം വഹിച്ച ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റ് സമാപിച്ചു. സൗത്ത് കൊറിയൻ സർക്കാരിന്റെ നേതൃത്വത്തിൽ ബുസാൻ ടെക്നോ പാർക്കും ബുസാൻ സ്റ്റാർട്ടപ്പ് ഏജൻസി പ്രിപ്പറേറ്ററി ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിയാത്മകമായ ആശയങ്ങളുള്ള ഏഷ്യൻ സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു ബുസാനിൽ ഏഷ്യൻ ഇവന്റ് സംഘടിപ്പിച്ചത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഡബ്ല്യു.ബി.എ.എഫ് സെനറ്റർ ഹാരിസ് എം. കോവൂർ പ്രബന്ധം അവതരിപ്പിച്ചു. ഏഷ്യയിലെ രണ്ടാമത്തേതും ലോകത്തിലെ മൂന്നാമത്തേതും ആയ സ്റ്റാർട്ടപ്പ് എക്കണോമിയാണ് ഇന്ത്യയുടെതെന്നും വളർച്ച നിരക്കിൽ ചൈനയെ അതിവേഗം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോണമി മറി കടക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ഹാരിസ് പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
ദക്ഷിണ കൊറിയക്ക് പുറമെ, ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, വിയറ്റ്നാം, ജപ്പാൻ എന്നീ ഏഷ്യൻ രാഷ്ട്രങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏഷ്യൻ സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ വ്യാപനത്തിന് നേതൃത്വം നൽകുന്നതിനുമായി ഓരോ ഏഷ്യൻ നഗരത്തിനും സഹകരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലൂടെ മാനുഷികവും ഭൗതികവുമായ വിനിമയം എങ്ങനെ വിപുലീകരിക്കാം എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ച് (ഡെറിക്) കിം, ബുസാൻ സ്റ്റാർട്ടപ്പ് ഏജൻസി പ്രിപ്പറേറ്ററി ഓഫിസ് പ്രസിഡന്റ് ഹ്യൂയി യോബ് സിയോങ്, ഡബ്ല്യു.ബി.എ.എഫ് സെനറ്റർ ഹ്യൂങ്സുപ്പ് (എച്ച്.എസ്) കിം, ക്യൂ ഹ്വാങ് യോൺ എന്നിവരും പങ്കെടുത്തു.
മലേഷ്യയെ പ്രതിനിധീകരിച്ച് സെനറ്റർ വാൻ ഫറ അയു, വിയറ്റ്നാമിനെ പ്രതിനിധീകരിച്ച് സെനറ്റർ ഫി വാൻ ഗുയെൻ ബംഗ്ലാദേശിനെ പ്രാതിനിധീകരിച്ച് ഡോ. മുഹമ്മദ് നൂറുസ്സമാൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
ദക്ഷിണ കൊറിയയെ ഏഷ്യൻ സ്റ്റാർട്ടപ്പ് ഇക്കണോമിയുടെ ഹബ് ആക്കി മാറ്റുകയാണ് സമ്മേളനം ലക്ഷ്യം ഇട്ടതെന്നു ബുസാൻ മെട്രോ പൊളിറ്റൻ സിറ്റി മേയർ പാർക്ക് ജിയോങ് ജൂൺ പറഞ്ഞു.
ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും വലിയ ആദ്യ എക്സ്പോയ്ക്ക് ശേഷം സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും ഭാവിയിൽ യൂണികോൺ (വൺ ബില്യൺ കമ്പനി) കമ്പനികളിലേക്കുള്ള അവരുടെ വികസനത്തിനും സംഘടന സജീവമായി പിന്തുണ നൽകുന്നത് തുടരുമെന്ന് സംഘാടക സമിതി കോ-ചെയർമാൻ കിം ഹിയോങ്-ഗ്യൂൻ പറഞ്ഞു. ദക്ഷിണ കൊറിയയിൽ സോൾ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ നഗരം ആണ് ബുസാൻ മെട്രോ പൊളിറ്റൻ സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.