ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം തുമകുരുവിൽ സജ്ജം
text_fieldsബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ പ്രവർത്തനസജ്ജം. 615 ഏക്കറിലുള്ള ഭീമൻ ഫാക്ടറി ഫെബ്രുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനാവശ്യമായ എല്ലാ ഹെലികോപ്ടറുകളും നിർമിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിലൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഹിന്ദുസ്ഥാൻ ഏറോനോട്ടിക് ലിമിറ്റഡിന്‍റെ (എച്ച്.എ.എൽ) കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ (എൽ.യു.എച്ച്) ആണ് ആദ്യഘട്ടത്തിൽ ഇവിടെ നിർമിക്കുക. പിന്നീട് ലൈറ്റ് കോമ്പാറ്റ് ഹെലികോപ്ടർ (എൽ.സി.എച്ച്), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്ടർ (ഐ.എം.ആർ.എച്ച്) എന്നിവയും നിർമിക്കും. തദ്ദേശീയമായി നിർമിക്കുന്ന മൂന്ന് ടൺ വിഭാഗത്തിലുള്ള ഒറ്റ എൻജിൻ വിവിധോദ്ദേശ്യ ഹെലികോപ്ടറാണ് എൽ.യു.എച്ച്.
ഹെലികോപ്ടറുകളുടെ അറ്റകുറ്റപ്പണിയും ഇവിടെ നടത്തും. നാലായിരത്തിലധികം തൊഴിലുകളിലായി 6000 പേർക്കാണ് ഇവിടെ ജോലി ലഭിക്കുക. ഹെലി റൺവേ, വിമാന സൂക്ഷിപ്പുകേന്ദ്രം, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയ എല്ലാ അനുബന്ധ സൗകര്യങ്ങളുമുണ്ട്.
മൂന്ന് ടണിനും 15 ടണിനും ഇടയിൽ ഭാരമുള്ള ആയിരത്തിലധികം ഹെലികോപ്ടറുകൾ 20 വർഷത്തിനുള്ളിൽ നിർമിക്കുകയാണ് എച്ച്.എ.എൽ ലക്ഷ്യം. ഇതിലൂടെ നാല് ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യം. തുടക്കത്തിൽ വർഷത്തിൽ 30 ഹെലികോപ്ടറുകളാണ് നിർമിക്കുക. പിന്നീട് വർഷം 90 എണ്ണം നിർമിക്കുന്നതരത്തിലേക്ക് മാറും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആദ്യ എൽ.സി.എച്ച് ഹെലികോപ്ടർ ഇവിടെ നിർമിച്ചിട്ടുണ്ട്. ഉടൻതന്നെ ഇത് പുറത്തിറക്കും. ഉദ്ഘാടനച്ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.