'ഫുട്ബാൾ ആരാധകരുടെ ശ്രദ്ധക്ക്'; നിങ്ങൾ നിർമിതബുദ്ധിയുടെ നിരീക്ഷണത്തിലാണ്
text_fieldsദോഹ: നൂറുകണക്കിന് പൊലീസിന്റെ ചാരക്കണ്ണുകൾ സ്റ്റേഡിയം പരിസരത്തും ആളുകൂടുന്ന ഇടങ്ങളിലും ആരാധകരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് പതിവുകാഴ്ചയായിരിക്കാം. എന്നാൽ, ഈ ലോകകപ്പിൽ ഖത്തർ അതെല്ലാം മാറ്റിയെഴുതുകയാണ്. കളി കാണാൻ സ്റ്റേഡിയത്തിലെത്തുന്നുണ്ടോ...? എട്ടു സ്റ്റേഡിയങ്ങളിലെ 22000 സെക്യൂരിറ്റി കാമറകളും ദോഹയിലെ വിശാലമായ മുറിയിൽ നിരത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് കമ്പ്യൂട്ടർ സ്ക്രീനുകളും നിങ്ങളെ നോട്ടമിട്ടുകൊണ്ടിരിക്കുന്നുണ്ട്.
12 ലക്ഷം പേർ ഖത്തറിൽ ഇക്കുറി കളി കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ സഞ്ചാരവും നീക്കങ്ങളും സുഗമമാക്കാൻ ഒരു ടെക് ഹബ് തന്നെ ഒരുക്കുകയാണ് ആതിഥേയ രാജ്യം. ഈ ടെക് ഹബിനെ നിയന്ത്രിക്കുന്നതാകട്ടെ, നിർമിതബുദ്ധി കമ്പ്യൂട്ടറുകളും. ആരാധകരെ നിരീക്ഷിക്കാനും അനിയന്ത്രിതമായേക്കാവുന്ന തിരക്കുകൾ പ്രവചിക്കാനും സ്റ്റേഡിയത്തിലെ താപനില നിയന്ത്രിക്കാനുമടക്കം നിർമിതബുദ്ധി ഉപയോഗിക്കുന്നതിനാണ് ഖത്തറിന്റെ ഒരുക്കം.
22000 കാമറകൾ, രണ്ടുലക്ഷം ഇന്റഗ്രേറ്റഡ് യൂനിറ്റുകൾ...
ആസ്പയർ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാണ് ടെക് ഹബ് ഒരുക്കിയിട്ടുള്ളത്. നൂറിലേറെ സാങ്കേതിക വിദഗ്ധരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. 22000 കാമറകളിൽ നിന്നുള്ള രണ്ടുലക്ഷം ഇന്റഗ്രേറ്റഡ് യൂനിറ്റുകൾ ഈ ടെക്നീഷ്യൻസ് സൂക്ഷ്മമായി നീരിക്ഷിച്ചുകൊണ്ടിരിക്കും. ഈ സംവിധാനം ഉപയോഗിച്ച് എൻട്രി ഗേറ്റുകൾ ഓപ്പറേറ്റ് ചെയ്യാനും ജലവിതരണം ഉറപ്പുവരുത്താനും എയർ കണ്ടീഷനറുകൾ സുഗമമായി പ്രവർത്തിപ്പിക്കാനും കഴിയും. സൈബർ സുരക്ഷ, ഭീകരവിരുദ്ധ വിദഗ്ധർ മുതൽ ഗതാഗത മേഖലയിലെ പരിചയസമ്പന്നരടക്കമുള്ളവർ വരെ ടെക് ഹബിലുണ്ടാകും.
ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ 80,000 പേർക്കിരുന്ന് കളി കാണാം. പത്തു മത്സരങ്ങൾക്കാണ് ലുസൈൽ വേദിയൊരുക്കുന്നത്. ഇവിടെ, മുഖം തിരിച്ചറിഞ്ഞുള്ള ഫേഷ്യൽ റെകഗ്നിഷൻ ടെക്നോളജി സംവിധാനിക്കും. അതുവഴി 80,000 സീറ്റിലുമിരിക്കുന്ന ഓരോ കാണിയുടെയും മുഖം സൂം ചെയ്ത് നിരീക്ഷിക്കാനാവും. ഓരോ സ്റ്റേഡിയത്തിലെയും സുരക്ഷാ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ മത്സരത്തിന് മുമ്പും മത്സരം നടക്കുമ്പോഴും ശേഷവും വിശദമായി പരിശോധിക്കും. കേന്ദ്രീകൃത പ്ലാറ്റ്ഫോം വഴി എല്ലാം സംയോജിപ്പിച്ചതിനാൽ ഒരൊറ്റ ക്ലിക്ക് വഴി ഒരു സ്റ്റേഡിയത്തിൽനിന്ന് അടുത്തതിലേക്ക് മാറാം.
'പരസ്പരം ബന്ധിച്ച സ്റ്റേഡിയം'എന്ന ആശയം ഇതാദ്യമായാണ് ലോകകപ്പിൽ അവതരിപ്പിക്കപ്പെടുന്നത്. പെട്ടെന്ന് തിരക്ക് രൂപപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം, സുരക്ഷ ഉദ്യോഗസ്ഥർക്ക് ടെക് ഹബിൽനിന്ന് ഉടൻ വിവരങ്ങൾ കൈമാറും. കഴിഞ്ഞ മേയിൽ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് പ്രധാന ഉന്നം. വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും ക്രൗഡ് മാനേജ്മെന്റ് നീക്കങ്ങൾ. ഇതിനായി ക്രൗഡ് കൺട്രോൾ ടീമും ഗ്രൗണ്ടിലെ സെക്യൂരിറ്റി സ്റ്റാഫും സുസജ്ജമായിരിക്കുമെന്ന് സെന്ററിലെ ചീഫ് ടെക്നോളജി ഓഫിസർ നിയാസ് അബ്ദുറഹിമാൻ പറഞ്ഞു.
തണുപ്പ് കുറവുണ്ടോ? ഉടൻ പരിഹരിക്കും
നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു നിശ്ചിത ഇടത്തിലുള്ള ആളുകളുടെ എണ്ണം നിർണയിക്കാനാവും. അതുവഴി എൻട്രി ഗേറ്റ് ഏതുവിധം പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കി സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം സുഗമമാക്കും. സ്റ്റേഡിയത്തിനകത്തെ എയർ കണ്ടീഷനറുകളുടെ പ്രവർത്തനത്തിൽ വല്ല പ്രശ്നങ്ങളും കണ്ടാൽ കമാൻഡ് സെന്ററിൽനിന്നുള്ള സെൻസറുകൾ ഡേറ്റ സ്വീകരിച്ച് അതിനനുസരിച്ച് ക്രമീകരണം വരുത്തും. ഏതുതരം ഭീഷണികളെയും നേരിടാൻ സൈബർ സുരക്ഷ വിങ്ങും പ്രവർത്തനസജ്ജമാകും.
ഭാവിയിൽ മത്സരങ്ങളുടെ സസൂക്ഷ്മ നിരീക്ഷണത്തിലേക്കുള്ള മാതൃക കൂടിയാണ് ഖത്തർ ലോകകപ്പ് തുറക്കുന്നത്. ഖത്തറിൽ നടന്ന 2006 ഏഷ്യൻ ഗെയിംസിൽ സേവനമനുഷ്ഠിച്ച ടെക്നീഷ്യന്മാരിൽ പലരും പുതിയ സംഘത്തിലുമുണ്ട്, കൂടുതൽ വൈദഗ്ധ്യവും പുതിയ ഉപകരണങ്ങളുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.