വാർത്താ വിലക്കിൽ ഫേസ്ബുക്കിന് മറുപണിയുമായി ആസ്‌ട്രേലിയൻ സർക്കാർ
text_fieldsമെൽബൺ: ആസ്ട്രേലിയയിലെ ഫേസ്ബുക്കിെൻറ അപ്രതീക്ഷിത വാർത്താ വിതരണ വിലക്ക് ഏവരെയും ഞെട്ടിച്ചിരുന്നു. ഉപയോക്താക്കളും മാധ്യമ സ്ഥാപനങ്ങളും വാർത്ത ലിങ്കുകൾ പങ്കുവെക്കുന്നതിനും പ്രാദേശിക, അന്തർദേശീയ വാർത്തകൾ കാണുന്നതിനുമായിരുന്നു ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. വാർത്ത നൽകുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന നിയമനിർമാണത്തിൽ പ്രതിഷേധിച്ചായിരുന്നു ഫേസ്ബുക്കിെൻറ നീക്കം.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ തുടങ്ങാനിരിക്കെയായിരുന്നു ഫേസ്ബുക്കിെൻറ അപ്രതീക്ഷിത നടപടി. കോവിഡ് വാക്സിൻ പുറത്തുറക്കുന്നതിെൻറ ഭാഗമായി സർക്കാർ ഇന്ന് ഒരു പ്രചാരണ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഫേസ്ബുക്കിന് അതിെൻറ പരസ്യം നൽകില്ലെന്ന നിലപാടിലാണ് അധികൃതർ. സോഷ്യൽ മീഡിയ ഭീമെൻറ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് സർക്കാർ അത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. സർക്കാർ നിയന്ത്രിത പേജുകൾക്കും കാലാവസ്ഥാ, ചുഴലിക്കാറ്റ്, കാട്ടുതീ പോലുള്ള ദുരന്ത മുന്നറിയിപ്പ് പേജുകൾക്കും ഫേസ്ബുക്കിെൻറ വാർത്താ വിലക്ക് കാരണം സേവനം നിർത്തേണ്ടി വന്നിരുന്നു. വലിയ പ്രതിഷേധമുയർന്നതോടെയാണ് അവ തിരിച്ചെത്തിയത്.
ദുർബലരായ ആളുകൾ പ്രതിരോധ കുത്തിവയ്പ്പിനായി സന്നദ്ധരാകുന്നതിന് വേണ്ടി ഓൺലൈനിൽ ഉൾപ്പെടെ വിപുലമായ ആശയവിനിമയ കാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞിരുന്നു. ഫൈസർ, ബയോഎൻടെക് വാക്സിനുകളുടെ കുത്തിവെയ്പ്പുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിട്ടായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന. ടെക് ഭീമൻമാരും ആസ്‌ട്രേലിയൻ സർക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതുവരെ ആരോഗ്യവകുപ്പിന് ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്നതിനുള്ള വിലക്ക് തുടരുമെന്നും ഹണ്ട് വ്യക്തമാക്കി. 'കോർപ്പറേറ്റ് രാക്ഷസൻമാർ പരമാധികാര ഭീഷണികളായി പ്രവർത്തിക്കുകയാണിവിടെ. അതുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല... അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ഫേസ്ബുക്കുമായുള്ള മല്ലയുദ്ധത്തിന് ശേഷം സമാധാനം വരാൻ പോകുന്നതിെൻറ ചെറിയ സൂചന നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് താൽക്കാലികമായി തങ്ങളുമായുള്ള ചങ്ങാത്തം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ അദ്ദേഹം അതുമായി ബന്ധപ്പെട്ട് നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.