സമൂഹ മാധ്യമം ‘സാമൂഹിക വിപത്ത്’; കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ ആസ്ട്രേലിയ
text_fieldsകാൻബെറ: യഥാർഥ ജീവിത സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 16 വയസ്സിൽ താഴെയുള്ളവരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാൻ തയാറെടുക്കുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സമൂഹ മാധ്യമത്തെ ‘സാമൂഹിക വിപത്ത്’ എന്ന് വിശേഷിപ്പിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി, കുട്ടികൾ സ്ക്രീൻ ടൈം കുറക്കണമെന്നും കൂടുതൽ സമയം കായിക വിനോദങ്ങളിലും സമപ്രായക്കാരുമായുള്ള സംഭാഷണങ്ങളിലും ഏർപ്പെടണമെന്ന് അഭിപ്രായപ്പെട്ടു.
കുട്ടികളുടെ സ്ക്രീൻ ടൈം കുറക്കാനായി, സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിശോധന നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് ആസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ പദ്ധതി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള കുറഞ്ഞ പ്രായം 13ൽനിന്ന് 16 വയസായി ഉയർത്തുന്നതിനുള്ള സാമൂഹിക പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ ദീർഘകാലമായി വാദിക്കുന്ന ആളുകൂടിയാണ് അദ്ദേഹം.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും, അവരുടെ സാമൂഹീകരണത്തെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാറിന്‍റെ പുതിയ നീക്കം. അതേസമയം, ഈ നീക്കത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്നതിനും ഡേറ്റ ചോർച്ചക്കും കാരണമായേക്കുമെന്ന് വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.