അത്ര എളുപ്പമല്ല ബാറ്ററി കൈമാറ്റ നയം
text_fieldsവാഷിങ്ടൺ: വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ബാറ്ററി സ്വാപ്പിങ് (ബാറ്ററി കൈമാറ്റം) നയം കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അത്ര എളുപ്പം നടപ്പാക്കാൻ സാധിക്കാത്തതെന്ന് വിദഗ്ധർ. സർക്കാറിന്റെ വലിയ ഇടപെടലും സബ്സിഡിയും ഇതിനാവശ്യമായി വരും. ഓരോ വാഹനത്തിന്റേയും ബാറ്ററി സാങ്കേതികത വ്യത്യസ്തമാണ്. ഇത് വാഹന നിർമാതാക്കൾ പരസ്പരം കൈമാറാൻ തയാറാകില്ലെന്നതും പദ്ധതിക്ക് തടസ്സമാകും. വൈദ്യുതി വാഹന ബാറ്ററി നിർമാണം ചെലവേറിയ സാങ്കേതികതയാണെന്നും ബാറ്ററികൾ സൗകര്യം പോലെ മാറ്റുന്നത് നിരവധി ബാറ്ററികൾ ഉപേക്ഷിക്കപ്പെടാൻ കാരണമാകുമെന്നും കോർണൽ യൂനിവേഴ്സിറ്റിയിലെ വാഹന വിദഗ്ധൻ ആർതർ വീറ്റൺ പറയുന്നു.
ലിഥിയം, കോബാൾട്ട് എന്നിവയാണ് ബാറ്ററികളുടെ പ്രധാന അസംസ്കൃത വസ്തു. ഭൂമുഖത്ത് വളരെ കുറഞ്ഞ അളവിലാണ് ഇത് രണ്ടും ലഭ്യമാകുന്നത്. ബാറ്ററി സ്വാപ്പിങ് ഈ അമൂല്യ വിഭവത്തെ പാഴാക്കാൻ ഇടവരുത്തും. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ പ്രദേശത്ത് ബാറ്ററി സ്വാപ്പിങ് പ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ജി.പി.എസ് കണക്ട് ചെയ്യുന്ന പ്ലഗ് (സിഗരറ്റ് ലൈറ്റർ പവർ സപ്ലൈ), ടയറുകളുടെ വാൽവ് പിൻ എന്നിവ മാത്രമാണ് ഏത് ബ്രാൻഡ് വാഹനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നത്. എല്ലാ കാർ നിർമാതാക്കളും ഒരേ ബാറ്ററി ഉപയോഗിക്കണമെങ്കിൽ അതിന് ഗവൺമെന്റ് നിർബന്ധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വൈദ്യുതി വാഹനങ്ങൾ നിരത്തിലിറങ്ങാൻ ബാറ്ററി സ്വാപ്പിങ് നയം പ്രായോഗികമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് ജെജൂരികർ പറഞ്ഞു. ചെറിയ പ്രദേശത്ത് നടപ്പാക്കാൻ കഴിയുന്നതാണ് ബാറ്ററി സ്വാപ്പിങ് എന്ന് മെഴ്സിഡസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തെ പിന്തുണക്കുന്നതായി ഹ്യുണ്ടായ് ഇന്ത്യ എം.ഡി ഉൻസൂ കിം അഭിപ്രായപ്പെട്ടു.
ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കാൻ നഗരങ്ങളിൽ സ്ഥലപരിമിതിയുള്ളതിനാൽ ബാറ്ററി കൈമാറ്റ നയം സ്വീകരിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. നഗരങ്ങളിൽ പൊതുഗതാഗതത്തിന് കൂടുതൽ ഊന്നൽനൽകി മലിനീകരണം തീരെയില്ലാത്ത വാഹനങ്ങൾ ഓടിക്കുന്ന പ്രത്യേക മേഖലകൾ രൂപപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
ബാറ്ററി സ്വാപ്പിങ്?
വൈദ്യുതി വാഹനത്തിലെ ബാറ്ററിയുടെ ചാർജ് തീർന്നാൽ അത് കൈമാറി പകരം ചാർജുള്ള ബാറ്ററി വാഹനത്തിൽ ഫിറ്റ് ചെയ്യുന്ന രീതിയാണ് ബാറ്ററി സ്വാപ്പിങ്. എനർജി ഔട്ട്ലെറ്റുകൾ (ഇ.ഒ) വഴിയാണ് ഇത് സാധിക്കുക. വീടുകളിലെ പാചക വാതക സിലിണ്ടറുകൾക്ക് സമാനമാണ് ബാറ്ററി സ്വാപ്പിങ്ങും. സിലിണ്ടർ കമ്പനിയുടേതായിരിക്കുന്നതുപോലെ വാഹനത്തിലെ ബാറ്ററിയും ഒരു കമ്പനിയുടേതായിരിക്കും.
സിലിണ്ടറിലെ പാചകവാതകത്തിനാണ് ഉപഭോക്താവ് പണം നൽകുന്നത്. അതുപോലെ ബാറ്ററിയിലെ വൈദ്യുതിക്കായിരിക്കും ബാറ്ററി സ്വാപ്പിങ്ങിൽ വാഹന ഉടമ പണം നൽകുക. രാജ്യത്ത് നിലവിൽ ബാറ്ററിയില്ലാത്ത വൈദ്യുതി വാഹനം വാങ്ങാൻ അനുമതിയുണ്ട്. ഏത് കമ്പനിയിൽനിന്നും തിരിച്ച് ലഭിക്കുന്ന മുൻകൂർ ഡെപ്പോസിറ്റ് നൽകി (സിലിണ്ടർ പോലെ) ബാറ്ററി വാടകക്കെടുക്കാം. എനർജി ഔട്ട്ലെറ്റുകൾ ആയിരിക്കും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും വാഹനത്തിൽ ബാറ്ററി ഫിറ്റ് ചെയ്ത് തരുന്നതും. നഗരങ്ങളിൽ ഇ.ഒ ശൃംഖലകളും സ്ഥാപിക്കപ്പെടും.
വൈദ്യുതി വാഹനങ്ങളുടെ ഏറ്റവും വലിയ പോരായ്മ ബാറ്ററി ചാർജിങ്ങിനെടുക്കുന്ന ദീർഘ സമയമാണ്. ഇത് ലാഭിക്കാനും വാഹനത്തിൽ പെട്രോൾ/ഡീസൽ നിറക്കുന്ന സമയം കൊണ്ട് ബാറ്ററി മാറ്റിവെക്കാനും ബാറ്ററി സ്വാപ്പിങ് രീതിയിലൂടെ സാധിക്കും.
വാഹനത്തിലെ ബാറ്ററിക്കനുസരിച്ച് ഏതെങ്കിലും പ്രത്യേക കമ്പനിയുമായിട്ടായിരിക്കും വാഹന ഉടമ സ്വാപ്പിങ് കരാർ ഉണ്ടാക്കുന്നത്. അതേ കമ്പനിയുടെ ഏത് എനർജി ഔട്ട്ലെറ്റിൽനിന്നും വാഹന ഉടമക്ക് ബാറ്ററി മാറ്റിയെടുക്കാൻ സാധിക്കും. ബാറ്ററിയിലെ വൈദ്യുതി ചാർജ്, ബാറ്ററിയുടെ കാലപ്പഴക്കത്തിന് പ്രത്യേക ചാർജ്, ബാറ്ററി മാറ്റുന്നതിനുള്ള സർവിസ് ചാർജ് എന്നിവയാണ് ഉപഭോക്താവിനനുസരിച്ച് ഔട്ട്ലെറ്റുകൾ ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.