'ജ്യൂസ് ജാക്കിങ്' മുന്നറിയിപ്പുമായി എഫ്.ബി.ഐയും; പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവർ ജാഗ്രതൈ...
text_fields‘ജ്യൂസ് ജാക്കിങി’ന്റെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ). പൊതു ചാർജ്ജിങ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിങ് എന്നറിയപ്പെടുന്നത്.പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യു.എസ്.ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ പറയുന്നു. തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വിമാനത്താവളങ്ങളിലോ ഹോട്ടലുകളിലോ ഷോപ്പിങ് മാളുകളിലോ സൗജന്യ യു.എസ്.ബി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യു.എസ്.ബി പോർട്ടുകളിൽ പലതും വളരെ വേഗത്തിൽ ഹൈജാക്ക് ചെയ്യാൻ ഹാക്കർമാർക്ക് ഇതിനകംന്നെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ അപഹരിക്കപ്പെട്ട പോർട്ടുകളിലേക്ക് പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കർമാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഇവ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നതിന് ഇടയാക്കുന്നു. കൂടാതെ അക്കൗണ്ടുകളുടെ ആക്സസ് ഹാക്കർമാർക്ക് ലഭിക്കുന്നതിനും ഇത് കാരണമായേക്കും.
ഇത്തരത്തിലുള്ള ചില കേസുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എഫ്ബിഐ ഈ മുന്നറിയിപ്പ് നൽകിയത്. യഥാർത്ഥത്തിൽ യു.എസ്.ബി ടൈപ്പ് കേബിളുകള്‍ ചാര്‍ജിങ്ങിനപ്പുറം ഡാറ്റ കൈമാറ്റത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. പൊതു ഇടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ യു.എസ്.ബി കേബിളിൽ വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണിലെ സുപ്രധാന വിവരങ്ങൾ ചോർത്താൻ കഴിയും. കൂടാതെ ഇതുവഴി നിങ്ങളുടെ അക്കൗണ്ടിലെ പണം ഹാക്കർമാർ മോഷ്ടിക്കുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. ഇത്തരം അപകട സാധ്യതകളാണ് പബ്ലിക് ചാർജർ ഉപയോഗിക്കുന്നതിലൂടെ എഫ്ബിഐ ചൂണ്ടിക്കാണിക്കുന്നത്. നേരത്തേ കേരള പൊലീസും ജ്യൂസ് ജാക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വീകരിക്കേണ്ട മുൻകരുതലുകൾ
🗝 പൊതു ചാർജ്ജിങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
🗝 കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
🗝 ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
🗝 പൊതു USB ചാർജ്ജിങ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.
🗝 കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.