കുട്ടികൾക്ക് 3 മണിക്കൂർ, മുതിർന്നവർക്ക് 6 മണിക്കൂർ; ബിജിഎംഐ റിലീസ് ചെയ്തു, നിയന്ത്രണങ്ങളോടെ
text_fields10 മാസത്തെ നിരോധനത്തിന് ശേഷം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) ഇന്ന് ഇന്ത്യയിൽ താൽക്കാലികമായി തിരിച്ചെത്തി. തിങ്കളാഴ്ച മുതൽ ഇന്ത്യയിലെ ഗെയിമർമാർക്ക് ബിജിഎംഐ ഡൗൺലോഡ് ചെയ്യാനും കളിക്കാനും സാധിക്കും. എന്നാൽ, മൂന്ന് മാസം കേന്ദ്ര സർക്കാർ ഗെയിമിനെയും രാജ്യത്തെ കുട്ടി ഗെയിമർമാരെയും നിരീക്ഷിക്കും. കുട്ടികളും യുവാക്കളും ഗെയിമിന് അടിമയാകുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാകും ബിജിഎംഐ-ക്ക് രാജ്യത്ത് തുടരാനുള്ള അനുമതി നൽകുക.
ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് പബ്ജി മൊബൈൽ നിരോധിച്ചതോടെ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ അവതരിപ്പിച്ച ഗെയിം ആണ് ബിജിഎംഐ. ഇന്ത്യക്കു വേണ്ടി പബ്ജിയെ റീ ബ്രാൻഡ് ചെയ്ത ഇറക്കിയ പതിപ്പാണ് ഇത്. ഇന്ത്യയിൽ റിലീസ് ചെയ്തെങ്കിലും കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ക്രാഫ്റ്റൺ ഗെയിമിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്ക് ദിവസത്തിൽ മൂന്ന് മണിക്കൂറും മുതിർന്നവർക്ക് ആറ് മണിക്കൂറും മാത്രമായിരിക്കും ഗെയിം കളിക്കാൻ സാധിക്കുക. ബാക്കിയുള്ള സമയങ്ങളിൽ കളിക്കാൻ കഴിയാത്ത വിധം ഗെയിമിങ് ഐഡി നിയന്ത്രിക്കും. അതുപോലെ IP വിലാസത്തെ അടിസ്ഥാനമാക്കി ബിജിഎംഐ, കളിക്കാരുടെ സിറ്റി ലൊക്കേഷൻ കാണിക്കും. ഗെയിമിന്റെ പുതിയ പതിപ്പിൽ ആളുകളെ ഷൂട്ട് ചെയ്യുമ്പോൾ ചുവന്ന നിറത്തിൽ രക്തം ചിതറുന്നതായി കാണിക്കില്ല. പകരം പച്ച, മഞ്ഞ നിറങ്ങളാണ് നൽകിയിരിക്കുന്നത്.
അതേസമയം, ഗെയിമിന്റെ പുതിയ പതിപ്പിൽ ചില തകരാറുകൾ ഗെയിമർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മെയ് 29 മുതൽ കളിക്കാരുടെ കുത്തൊഴുക്കിൽ സെർവറുകൾ ഹാങ്ങായതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.