ടെക്കികൾ ഭരിക്കുന്ന കോടീശ്വര ലിസ്റ്റ്; അറിയാം ലോകത്തിലെ ഏറ്റവും വലിയ 10 ധനികരെ
text_fieldsഫോർബ്സ് പതിവുപോലെ പുതിയ ലോക കോടീശ്വരൻമാരുടെ ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുകയാണ്. ഏറ്റവും വലിയ 10 ധനികരിൽ ഇത്തവണയും കൂടുതലായി കടന്നുകൂടിയിരിക്കുന്നത് ടെക്നോളജി രംഗത്ത് നിന്നുള്ളവരാണ്. ഇലോൺ മസ്ക് നയിക്കുന്ന പട്ടികയിൽ ജെഫ് ബെസോസും ബിൽ ഗേറ്റ്സും ഗൂഗിൾ സ്ഥാപകരും ഉൾപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക അവരുടെ ഏറ്റവും പുതിയ ആസ്തിയും സാമ്പത്തിക പ്രകടനവും അനുസരിച്ച് വർഷം തോറും വ്യത്യാസപ്പെടാം. 2022 ജൂലൈ 16-ലെ ഫോർബ്‌സ് ലിസ്റ്റ് അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ ലിസ്റ്റും അവരിൽ ഓരോരുത്തരെയും കുറിച്ചുള്ള രസകരമായ ചില വസ്തുതകളും അറിയാം.
ഇലോൺ മസ്ക് - 235.8 ബില്യൺ ഡോളർ
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയിലൂടെ ഭൂമിയിലും റോക്കറ്റ് നിർമാതാക്കളായ സ്‍പേസ് എക്സിലൂടെ ബഹിരാകാശത്തും ഗതാഗത വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണ് കോടീശ്വരൻ ഇലോൺ മസ്ക്.
മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ മൂല്യം ഇപ്പോൾ ഏകദേശം 800 ബില്യൺ ഡോളറാണ്, നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 235.8 ബില്യൺ ഡോളറാണ്. മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ മൂല്യം 100 ബില്യൺ ഡോളറാണ്. 2021 ഒക്ടോബറിൽ 800 ബില്യൺ ഡോളർ വിപണി മൂലധനവുമായി ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമ്മാതാക്കളായി മാറിയിരുന്നു.
ബെർണാർഡ് അർണോൾട്ട് & ഫാമിലി - 155.2 ബില്യൺ
എൽ.വി.എച്ച്.എം സ്ഥാപകനും ഫ്രഞ്ച് വ്യവസായിയുമായ ബെർണാർഡ് അർണോൾട്ടാണ് ഭൂമിയിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ. ലൂയി വിറ്റൺ, സെഫോറ എന്നിവയടക്കമുള്ള 70-ലധികം ബ്രാൻഡുകളുടെ സാമ്രാജ്യത്തിൽ നിന്നുള്ള ബിസിനസ്സിന്റെ ഫലമായി 155.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. യൂറോപ്പിലെ ഏറ്റവും വലിയ ധനികൻ കൂടിയായ ബെർണാഡ് അർനോൾട്ട് കഴിഞ്ഞ വർഷം ഡിസംബറിലാണ് 100 ബില്യൺ ഡോളർ തികച്ചത്.
ജെഫ് ബെസോസ് - 148.4 ബില്യൺ
148.4 ബില്യൺ ഡോളറാണ് ആസ്തിയുള്ള ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഇപ്പോൾ ഭൂമിയിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ്. 2019-ൽ ഭാര്യ മക്കെൻസിയെ വിവാഹമോചനം ചെയ്യുകയും ആമസോണിലെ തന്റെ ഓഹരിയുടെ നാലിലൊന്ന് അവൾക്ക് കൈമാറുകയും ചെയ്ത ശേഷവും അദ്ദേഹത്തിന്റെ സ്ഥാനം അതേപടി തുടരുകയാണ്.
1994-ൽ സിയാറ്റിലിലെ ബെസോസിന്റെ ഗാരേജിൽ നിന്നായിരുന്നു ആമസോൺ എന്ന ഇ-കൊമേഴ്സ് ഭീമന്റെ ഉദയം. കൊറോണ മഹാമാരിക്കാലത്ത് ഏറ്റവും നേട്ടങ്ങൾ കൊയ്ത ടെക് കമ്പനിയും ആമസോണായിരുന്നു.
ഗൗതം അദാനി - 115.6 ബില്യൺ
ഇന്ത്യൻ വ്യവസായി ഗൗതം അദാനി ബിൽ ഗേറ്റ്സിനെ മറികടന്നാണ് ലിസ്റ്റിൽ നാലാമതായത്. ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പന്നനെന്ന നേട്ടവും അദാനി ഈ വർഷം കുറിച്ചിരുന്നു. തുറമുഖങ്ങൾ, ഖനികൾ, ഗ്രീൻ എനർജി എന്നിവയെല്ലാമാണ് അദാനിയുടെ പ്രധാന വ്യവസായങ്ങൾ.
ബിൽ ഗേറ്റ്സ് - 104.6 ബില്യൺ
മൈക്രോസോഫ്സ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് കഴിഞ്ഞയാഴ്ച തന്റെ സമ്പത്തിൽ നിന്നും 20 ബില്യൺ ഡോളർ ബിൽ&മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷിന് നൽകിയിരുന്നു. അതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം അഞ്ചാമതായത്. പോൾ അലനുമായി ചേർന്ന് സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ് സ്ഥാപിച്ച അദ്ദേഹം ഒടുവിൽ കമ്പനിയിലെ തന്റെ ഓഹരികളിൽ ഭൂരിഭാഗവും വിറ്റു, വെറും 1% ഓഹരികൾ നിലനിർത്തുകയും ബാക്കി ഓഹരികളിലും മറ്റ് ആസ്തികളിലും നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ മൈക്രോസോഫ്റ്റ് ഷെയർ വില ഉയർന്നപ്പോഴാണ് ബിൽ ഗേറ്റ്സ് 100 ബില്യൺ ഡോളർ ക്ലബ്ബിൽ പ്രവേശിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റബിൾ ഫൗണ്ടേഷനാണ് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ.
ലാറി എലിസൺ - 99.7 ബില്യൺ
ജൂണിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ഒറാക്കിൾ എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനായ ലാറി എലിസൺ വാരൻ ബഫറ്റിനെയും മുകേഷ് അംബാനിയെയും പിന്നിലാക്കിയാണ് ആറാമതെത്തിയത്. 1977ൽ സ്ഥാപിതമായ ഒറാക്കിളിന്റെ സി.ഇ.ഒ സ്ഥാനം 2014ൽ അദ്ദേഹം രാജിവെച്ചിരുന്നു. അതിനുശേഷം അദ്ദേഹം ബോർഡിന്റെ ചെയർമാനും കമ്പനിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവുമായാണ് പ്രവർത്തിക്കുന്നത്.
ആ വർഷം ആദ്യം 3 ദശലക്ഷം ഓഹരികൾ വാങ്ങിയതിന് പിന്നാലെ 2018 ഡിസംബർ മുതൽ എലിസൺ ടെസ്‌ലയുടെ ബോർഡിലുമുണ്ട്. അതോടൊപ്പം ഹവായിയൻ ദ്വീപായ ലാനായ്-യുടെ ഭൂരിഭാഗവും ഇപ്പോൾ ലാറിയുടെ പേരിലാണ്.
വാരൻ ബഫറ്റ് - 99.4 ബില്യൺ
'ഒറാക്കിൾ ഓഫ് ഒമാഹ' എന്നറിയപ്പെടുന്ന വാറൻ ബഫറ്റിനെ എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അതിപ്രശസ്തമായ ഗീക്കോ ഇൻഷുറൻസ്, ഡ്യൂറസെൽ, ഡയറി ക്വീൻ റെസ്റ്റോറന്റ് എന്നിവയുൾപ്പെടെ 60-ലധികം കമ്പനികളുടെ ഉടമസ്ഥതയാണ് ബെർക്ക്‌ഷയർ ഹാത്ത്‌വേക്കുള്ളത്. ജൂണിൽ അദ്ദേഹത്തിന് 100.9 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നു. ഒരു യുഎസ് കോൺഗ്രസ്മാന്റെ മകനായ അദ്ദേഹം 11-ാം വയസ്സിലാണ് തന്റെ ആദ്യത്തെ സ്റ്റോക്ക് വാങ്ങുന്നത്.
ലാരി പെയ്ജ് - 98.3 ബില്യൺ
ഗൂഗിൾ സഹസ്ഥാപകൻ ലാരി പെയ്ജാണ് ലോകസമ്പന്നരിൽ എട്ടാമൻ. പ്രശസ്ത ബഹിരാകാശ പര്യവേഷണ കമ്പനിയായ പ്ലാനറ്ററി റിസോഴ്‌സിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്, കൂടാതെ "ഫ്ലൈയിംഗ് കാർ", സ്റ്റാർട്ടപ്പ് കമ്പനികളായ കിറ്റി ഹോക്ക്, ഓപ്പണർ എന്നിവയ്ക്കും ധനസഹായം നൽകുന്നുണ്ട്.
സെർജി ബ്രിൻ - 94.5 ബില്യൺ
ആൽഫബെറ്റിന്റെ സഹസ്ഥാപകനും ബോർഡ് അംഗവുമായ സെർജി ബ്രിൻ ജൂൺ മാസത്തിലെ കോടീശ്വര ലിസ്റ്റിൽ 10-ാമതായിരുന്നു. എന്നാൽ, ജൂലൈയിൽ വലിയ നേട്ടമുണ്ടാക്കാൻ അദ്ദേഹത്തിനായി. 1998-ൽ ലാറി പേജുമായി ചേർന്ന് അദ്ദേഹം ഗൂഗിൾ സ്ഥാപിച്ചു, അത് 2004-ൽ പബ്ലിക് കമ്പനിയാവുകയും 2015-ൽ ആൽഫബെറ്റ് എന്ന പേജ് സ്വീകരിക്കുകയും ചെയ്തു.
മുകേഷ് അംബാനി - 89.9 ബില്യൺ
ഫോർബ്സ് ജൂൺ 16ന് പുറത്തുവിട്ട ലിസ്റ്റിൽ ഏഴാമതുണ്ടായിരുന്ന അംബാനി ഇത്തവണ പത്താം സ്ഥാനത്താണ്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായിരുന്ന അംബാനിയെ സമീപകാലത്താണ് അദാനി മറികടക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ അംബാനി ദിവസങ്ങൾക്ക് മുമ്പ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. റിലയൻസ് റീടെയിലിന്റെ തലപ്പത്ത് നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു. മക്കളായ ആകാശ് അംബാനിക്കും ഇഷ അംബാനിക്കുമാണ് സ്ഥാനം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.