ആരെയും ഗെയിം ഡെവലപറാക്കുന്ന ‘ബ്രഷ്ന’
text_fieldsദോഹ: സാങ്കേതിക വിദഗ്ധർക്ക് മാത്രം സാധ്യമായ വിഡിയോ ഗെയിം ഡെവലപ്മെന്റിനെ എല്ലാവർക്കും സാധ്യമാക്കി ഈ മേഖലയിൽ വിപ്ലവം കുറിച്ച സ്റ്റാർട്ടപ് സംരംഭത്തിന് ‘വെബ് സമ്മിറ്റി’ന്റെ അംഗീകാരം. നാലു ദിനങ്ങളിലായി ദോഹയിൽ നടന്ന വെബ് സമ്മിറ്റിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട് ‘പിച്ച്’ പുരസ്കാരം നേടിയ ‘ബ്രഷ്ന’യുടെ മികവ് ഗെയിമിങ്ങിനെ ജനാധിപത്യവത്കരിച്ച സംരംഭം എന്നതാണ്. അമേരിക്കയിലെ വാഷിങ്ടൺ കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സി.ഇ.ഒയുമായ മറിയം നുസ്റത്താണ് കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. മുൻകൂർ കോഡിങ്ങോ ഗെയിം ഡിസൈനിങ്ങിൽ അറിവോ ഇല്ലാതെ ആർക്കും സ്വന്തം വിഡിയോ ഗെയിമുകൾ സൃഷ്ടിക്കാനും പങ്കിടാനും കഴിയുന്നുവെന്നതാണ് ബ്രഷ്നയുടെ സവിശേഷത. ഈ മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പായാണ് ‘ബ്രഷ്ന’യെ വിശേഷിപ്പിക്കുന്നത്.
1.75 ലക്ഷം ഉപയോക്താക്കളുടെ ശൃംഖലയാണ് ബ്രഷ്നക്കുള്ളത്. ഒരു ഗെയിം നിർമാതാവ്, എഡിറ്റർ, നിർമിതബുദ്ധിയുടെ സഹായത്താലുള്ള ടെക്സ്റ്റ് ടു ഗെയിം എൻജിൻ, ഒരു വെബ് 3 മെറ്റാവേസ് എന്നിവ ബ്രഷ്ന നൽകുന്നു.
രണ്ട് വർഷം മുമ്പാണ് ബ്രഷ്ന സ്ഥാപിതമായത്. ഇക്കാലയളവിൽ പാരിസ് ഹിൽട്ടൺ, റാണ്ടി സക്കർബർഗ് തുടങ്ങിയ നിക്ഷേപകരിൽനിന്നായി ഏകദേശം 25 ലക്ഷം ഡോളർ സമാഹരിക്കാൻ ബ്രഷ്നക്കായി. ഉസ്ബകിസ്താൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ സർവിസ് കമ്പനിയായ ഇമാനും ബ്രിട്ടൻ ആസ്ഥാനമായുള്ള ഹെൽത്ത് കെയർ സൊലൂഷൻസ് ബിസിനസ് ആയ ‘ആർ ഹേസസും’ സ്റ്റാർട്ടപ് മത്സരത്തിൽ റണ്ണറപ്പുകളായി.
ഒരു സംരംഭകയുടെ ദീർഘമായ യാത്രയിൽ ഇത്തരത്തിലെ നിമിഷങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മത്സരത്തിനിടയിൽ ഓരോ സ്റ്റാർട്ടപ് ഉടമകളുടെയും വിവരണങ്ങൾ കൂടുതൽ അറിവുകൾ നൽകുന്നതായിരുന്നുവെന്നും പുരസ്കാര ദാന ചടങ്ങിൽ മർയം നുസ്രത്ത് പറഞ്ഞു.
ജുസൂറിലെ അമിൻ മാറ്റ്നി, കോലിയസ് കാപിറ്റലിൽനിന്നുള്ള സാച്ച് കോലിയസ്, റാസ്മൽ വെഞ്ച്വേഴ്സിൽ നിന്നുള്ള സൗമയ ബെൻ ബെ ഡ്രിജെ, ട്രാൻസ്ഫോം വിസിയിലെ രാമ ചകാകി എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. 50 ലക്ഷം യൂറോയിൽ താഴെ ഫണ്ടിങ് ലഭിച്ചിരുന്ന ആൽഫ, ബീറ്റ സ്റ്റാർട്ടപ്പുകൾക്കായാണ് ‘പിച്ച്’ മത്സരം സംഘടിപ്പിച്ചത്. പിച്ചിന്റെ ഒാൺസ്റ്റേജ് മത്സരത്തിനായി ലോകത്തെ മുൻനിര സ്റ്റാർട്ടപ്പുകളാണ് വേദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.