ബി.എസ്.എൻ.എൽ 4 ജി സേവനം: മലപ്പുറം ജില്ലയിൽ പുതുതായി 90 ടവർ
text_fieldsമലപ്പുറം: ബി.എസ്.എൻ.എൽ പൂർണമായും 4 ജി സേവനത്തിലേക്ക് മാറുമ്പോൾ ജില്ലയിൽ പുതുതായി സ്ഥാപിക്കുന്നത് 90 ടവറുകൾ. ജില്ലയിൽ നിലവിലുള്ള 451 ടവറുകൾ 4 ജി ആക്കുന്നതിന് പുറമേയാണിത്. കവറേജ് കുറവുള്ള സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുകയോ സേവനദാതാക്കളുടെ നിലവിലുള്ള ടവറുകൾ 4 ജി സേവനത്തിന് ഉപയോഗിക്കുകയോ ചെയ്യും. ഇതോടെ ജില്ലയിൽ ബി.എസ്.എൻ.എൽ ടവറുകളുടെ എണ്ണം 641 ആകും. ബി.എസ്.എൻ.എല്ലിന് ഏറ്റവും വരുമാനമുള്ള കേരള ടെലികോം സർക്കിളിൽ അടുത്ത ജൂണിനകം 4 ജി സേവനം എത്തുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധന ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നുണ്ട്.
ടവറിൽ സ്ഥാപിക്കാനുള്ള 4 ജി ഉപകരണങ്ങൾ വൈകാതെ എത്തിച്ചുതുടങ്ങും. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച 4 ജി ഉപകരണങ്ങളാണ് ബി.എസ്.എൻ.എൽ ഉപയോഗിക്കുക. ടി.സി.എസ് (ടാറ്റ കൺസൾട്ടൻസി സർവിസ്) ആണ് 4 ജി സാങ്കേതിക വിദ്യ നൽകുന്നത്. 5 ജിയിലേക്ക് ബി.എസ്.എൻ.എല്ലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല. 5 ജി കൂടി വഹിക്കാൻ ശേഷിയുള്ളതാണിത്. പഞ്ചാബിലെ ട്രയൽ കഴിഞ്ഞാലുടൻ കേരളത്തിൽ 4 ജി പ്രവൃത്തി ആരംഭിക്കും.
ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഫൈബർ സാങ്കേതിക വിദ്യയിലേക്ക്
മലപ്പുറം: ബി.എസ്.എൻ.എൽ ലാൻഡ്ഫോൺ സേവനങ്ങൾ അത്യാധുനിക ഫൈബർ സാങ്കേതിക വിദ്യയിലേക്ക് മാറുന്നു. നിലവിലെ ലാൻഡ് ഫോണുകൾ അതേ നമ്പറിൽത്തന്നെ ഫൈബർ കണക്ഷനുകളാക്കി മാറ്റി, ടെലിഫോൺ എക്സ്ചേഞ്ചുകൾ മുഴുവനായും ഫൈബർ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്ന പ്രവൃത്തി ജില്ലയിൽ തുടങ്ങി. ജില്ലയിലെ എല്ലാ ടെലിഫോൺ എക്സ്ചേഞ്ചുകളും മാർച്ച് 31ന് മുമ്പ് ഫൈബർ ലൈനുകളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഊർജിതമായി നടക്കുന്നത്. ഏതാണ്ട് 15000 ലാൻഡ് ലൈനുകളും 90 എക്സ്ചേഞ്ചുകളും സമയബന്ധിതമായി പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റുന്ന പ്രവൃത്തിക്കാണ് തുടക്കമായത്.
പദ്ധതി സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്ന പരിപാടിക്കും തുടക്കമായി. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ബി.എസ്.എൻ.എൽ മലപ്പുറം ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർമാരായ അനിതാ സുനിൽ, മുരളി, സംഗനാൽ, ഫൈബർ നെറ്റ് വർക്ക് ജില്ല കോഓർഡിനേറ്റർ സുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.