ബി.എസ്.എൻ.എൽ 4ജി: അപ്രതീക്ഷിത തടസ്സങ്ങൾ, കാത്തിരിപ്പ് നീളും
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എല്ലിന്റെ അതിവേഗ ഇൻറർനെറ്റിനായുള്ള തലസ്ഥാനത്തിന്റെ കാത്തിരിപ്പുകൾ നീളുമെന്ന് സൂചനകൾ. ആഗസ്റ്റ് 15 ഓടെ തിരുവനന്തപുരമടക്കം നാല് നഗരങ്ങളിൽ 4 ജി സേവനം ആരംഭിക്കാൻ ലക്ഷമിട്ടിരുന്നെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിലെ തടസ്സമാണ് വില്ലനാകുന്നത്.
സ്വകാര്യ സേവനദാതാക്കൾ 5ജിയിലേക്ക് കടക്കുമ്പോഴും ബി.എസ്.എൻ.എൽ ഇപ്പോഴും 3 ജിയിലാണ്.
അതേസമയം കണക്ഷനുകളുടെ കാര്യത്തിൽ ഇപ്പോഴും ബി.എസ്.എൻ.എല്ലാണ് മുന്നിൽ. തിരുവനന്തപുരം നഗരത്തിലെ 270 ടവറുകളാണ് 4ജിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നത്. നഗരഹൃദയത്തിന് പുറമെ വിമാനത്താവളമടക്കം ഉൾപ്പെടുന്ന മേഖലകളിൽ പുതിയ സംവിധാനം ലഭ്യമാക്കാനാണ് ബി.എസ്.എൻ.എൽ ലക്ഷ്യമിട്ടിരുന്നത്.
ആഗസ്റ്റിൽ 4ജി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ബി.എസ്.എൻ.എൽ തുടങ്ങിയിരുന്നു. ഉപഭോക്താക്കളുമായി ബന്ധപ്പെട്ടതായിരുന്നു ഇതിൽ ഏറിയ പങ്കും.
നിലവിൽ പുതിയ വരിക്കാർക്കെല്ലാം 4ജി സിമ്മുകളാണ് ബി.എസ്.എൻ.എൽ നൽകുന്നത്. തലസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനാൽ നിലവിൽ 3ജി ഉപയോഗിക്കുന്നവർക്ക് സൗജന്യ 4ജി സിം നൽകിത്തുടങ്ങിയിരുന്നു.
പരീക്ഷണ ഘട്ടമായതിനാൽ കോളുകളുടെ വ്യക്തത, ഇന്റർനെറ്റ് വേഗം, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോഴുള്ള നെറ്റ്വർക് ക്ഷമത തുടങ്ങിയ കാര്യങ്ങളിൽ ഉപഭോക്താക്കളുടെ പ്രതികരണം പരിശോധിച്ച് ആവശ്യമായി മാറ്റങ്ങൾ വരുത്താനായിരുന്നു ആലോചന. ഉദ്ദേശിച്ച സമയത്ത് ലഭ്യമായില്ലെങ്കിലും അധികം താമസിയാതെ ലഭ്യമാകുമെന്നാണ് ജീവനക്കാരുടെയും പ്രതീക്ഷ.
ബി.എസ്.എൻ.എല്ലിന് 4ജി സേവനം ആരംഭിക്കണമെന്ന ആവശ്യത്തിന് ആറുവർഷത്തെ പഴക്കമുണ്ട്. 2019 ൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ബി.എസ്.എൻ.എല്ലിന് 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഉപകരണങ്ങൾ വാങ്ങാൻ അനുവദിക്കാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയായിരുന്നു. വിദേശ ഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നതായിരുന്നു കേന്ദ്ര നിബന്ധന.
ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ സേവനം ആരംഭിക്കാൻ കഴിയൂ എന്ന കേന്ദ്ര നിലപാടിനെതുടർന്ന് ആരംഭിച്ച ടെൻഡർ നടപടികൾ റദ്ദുചെയ്യേണ്ടിവന്നു. ജീവനക്കാരുടെ ഉപഭോക്താക്കളുടെയും ആവശ്യം ശക്തമായതിനെതുടർന്ന് സ്വകാര്യ കമ്പനിയെ 4ജി വികസിപ്പിക്കാനും ഉപകരണം ലഭ്യമാക്കാനും സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ചണ്ഡിഗഢിൽ നടത്തിയ പരീക്ഷണങ്ങൾ വിജയമായതിനെതുടർന്ന് 6000 ടവറുകളിൽ 4ജി ആരംഭിക്കാനുള്ള ഉപകരണങ്ങൾക്കാണ് മാനേജ്മെന്റ് പർച്ചേസ് ഓർഡർ നൽകിരുന്നത്.
എന്നാൽ, ഉപകരണങ്ങൾ എത്താൻ വൈകുകയാണ്. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, കോഴിക്കോട്, കണ്ണൂർ നഗരപരിധിയിലാണ് ആഗസ്റ്റ് മുതൽ 4ജി ലഭ്യമാക്കാൻ ആലോചിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.