ബി.എസ്.എൻ.എല്ലും അതിവേഗ നെറ്റ്‍വർക്കിലേക്ക്; 5ജി പരീക്ഷണം തുടങ്ങി
text_fieldsഉപയോക്താക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊതുമേഖലാ ടെലകോം കമ്പനിയായ ബി.എസ്.എൻ.എല്ലും അതിവേഗ മൊബൈൽ നെറ്റ്‍വർക്കിലേക്ക് മാറുന്നതായി റിപ്പോർട്ട്. നിലവിൽ 4ജി നെറ്റ്‌വർക്ക് വിപുലീകരണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.എസ്.എൻ.എൽ. ജൂണോടെ 4ജി ടവറുകളുടെ എണ്ണം ഒരുലക്ഷമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതോടൊപ്പം ചില നഗരങ്ങളിൽ ബി.എസ്.എൻ.എൽ 5ജി നെറ്റ്‌വർക്കിന്‍റെ പരീക്ഷണം ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്.
5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന 4ജി ടവറുകളാണ് നിലവിൽ ബി.എസ്.എൻ.എൽ സ്ഥാപിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ 5ജി സേവനങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞേക്കും. ഇതോടെ റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ (വി) എന്നീ സേവനദാതാക്കൾക്കു പുറമെ 5ജി സേവനം നൽകുന്ന രാജ്യത്തെ നാലാമത്തെ ടെലകോം കമ്പനിയാകും ബി.എസ്.എൻ.എൽ.
ജയ്പുർ, ലഖ്‌നോ, ചണ്ഡീഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ട പരീക്ഷണം. ഇവിടങ്ങളിൽ 5ജി ടവർ സൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങിയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തിനകം പരീക്ഷണം പൂർത്തിയാക്കി 5ജി സേവനങ്ങൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളേക്കാൾ കുറഞ്ഞ നിരക്കിൽ 5ജി പ്ലാനുകൾ അവതരിപ്പിക്കാനായിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് ബി.എസ്.എൻ.എൽ കണക്കുകൂട്ടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.