ഫോർ ജിയിൽ പരീക്ഷണം പോലും സാധിക്കാതെ ബി.എസ്.എൻ.എൽ
text_fieldsതിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജി വേഗത്തിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജി പരീക്ഷണയോട്ടം പോലും നടത്താനാകതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15 ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യാൻ ചുമതലയേറ്റ കമ്പനി തങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതായതോടെയാണ് കാര്യങ്ങൾ പാതിവഴിയിൽ നിലച്ചത്. ഇതോടെ തിരുവനന്തപുരത്ത് 270ഉം എറണാകുളത്ത് 200ഉം കോഴിക്കോട് 126ഉം കണ്ണൂരിൽ 100 ഉം അടക്കം 796 ടവറുകൾ ഫോർ ജിയിലേക്ക് മാറ്റലും അനിശ്ചിതത്വത്തിലായി. ഇന്ത്യൻ കമ്പനികളിൽനിന്ന് മാത്രമേ സാങ്കേതിക സംവിധാനങ്ങൾ വാങ്ങാവൂ എന്നതാണ് കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിന് മുന്നിൽവെച്ച നിബന്ധന.
ആഗസ്റ്റിൽ ഫോർ ജിയിലേക്ക് മാറുമെന്ന ധാരണയിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ഫോർ ജി സിമ്മുകൾ വിതരണം ചെയ്തിരുന്നു. സങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാവാഞ്ഞതോടെ ഇതും വെറുതെയായി. ഫോർ ജി സേവനം ആവശ്യപ്പെട്ട് കഴിഞ്ഞ ആറു വർഷമായി ബി.എസ്.എൻ.എൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. 2019 ൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ബി.എസ്.എൻ.എല്ലിന് ഫോർ ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഉപകരണങ്ങൾ വാങ്ങാൻ അനുവദിക്കാതെ കേന്ദ്രം തടസ്സം സൃഷ്ടിച്ചിരുന്നു. വിദേശ ഉപകരണങ്ങൾ ഉപയോഗിക്കരുത് എന്നതായിരുന്നു കേന്ദ്ര നിബന്ധന.
ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ സേവനം ആരംഭിക്കാൻ കഴിയൂ എന്ന കേന്ദ്ര നിലപാടിനെ തുടർന്ന് ആരംഭിച്ച ടെൻഡർ നടപടികൾ റദ്ദു ചെയ്യേണ്ടി വന്നു. ജീവനക്കാരുടെ ഉപഭോക്താക്കളുടെയും ആവശ്യം ശക്തമായതിനെ തുടർന്ന് ഇന്ത്യൻ കമ്പനിയെ ഫോർ ജി വികസിപ്പിക്കാനും ഉപകരണം ലഭ്യമാക്കാനും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സേവനം വിപുലീകരിക്കാനുള്ള ബി.എസ്.എൻ.എല്ലിന്‍റെ നീക്കത്തെ ഫോർ ജി സ്പെക്ട്രം നിഷേധിച്ച് തടസ്സപ്പെടുത്തുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കേന്ദ്ര ഇടപെടലുകളാണ് ഇപ്പോഴത്തെയും അനിശ്ചിതാവസ്ഥക്ക് കാരണം. ബി.എസ്.എൻ.എല്ലിന്‍റെ അഭാവത്തിൽ മറ്റു സ്വകാര്യ കമ്പനികൾ ഫോർ ജി ഡേറ്റ വിപണി പിടിച്ചെടുത്തിരുന്നു. അവർ ഫൈവ് ജിയിലേക്ക് പോകുമ്പോഴും ബി.എസ്.എൻ.എല്ലിന് അവസരം നിഷേധിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.