2030ഓടെ ലോകത്തെ 70 ശതമാനം കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പൊരുത്തപ്പെടും -പി.ഐ.എഫ് ഗവർണർ
text_fieldsറിയാദ്: 2030ഓടെ 70 ശതമാനം ആഗോള കമ്പനികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടുമെന്ന് സൗദി പൊതുനിക്ഷേപ നിധി (പി.ഐ.എഫ്) ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു. ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായിക, സാമ്പത്തിക മേഖലകളെ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും നമ്മുടെ ദൈനംദിന ജീവിതത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം വർധിച്ചുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനകാര്യ മേഖലകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസാണ് ഈ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇത് ആഗോള ജി.ഡി.പി 14 ശതമാനം വർധിപ്പിച്ചേക്കും. നന്മക്കായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഉൾക്കൊള്ളൽ മനോഭാവമുള്ള സമൂഹങ്ങളെ സൃഷ്ടിക്കാനും മികച്ച സുസ്ഥിര വികസന മാതൃകയിലേക്ക് മാനവരാശിയെ നയിക്കാനുമുള്ള ശേഷി അതിനുണ്ടാവുമെന്നും അൽറുമയാൻ പറഞ്ഞു.
1980കൾക്കുശേഷം ഏറ്റവും വേഗത്തിലാണ് ആഗോള സമ്പദ്വ്യവസ്ഥ നീങ്ങുന്നത്. മുമ്പ് കണ്ടിട്ടില്ലാത്ത മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കമ്പനികൾക്കും സർക്കാറുകൾക്കും മുൻകാലങ്ങളിൽ വഹിച്ച അതേ ചെലവുകൾ ഇനി വഹിക്കാനാവില്ല. അതിനാൽ നാം മുൻഗണനകൾ നിശ്ചയിക്കണം. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ സാങ്കേതിക മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. സമ്പദ് വ്യവസ്ഥയിൽ തുടർച്ചയായ വികസനവും ബഹുസ്വരതയും കൈവരിക്കുന്നതിന് സൗദി പൊതുനിക്ഷേപ നിധി 13 മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
90 പുതിയ കമ്പനികൾ സൃഷ്ടിച്ചു. 5,60,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഡേറ്റയുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ ഭാവി രൂപപ്പെടുത്താൻ താൽപര്യമുള്ള എല്ലാവരെയും ഈ സംരംഭം ഒരുമിച്ച് കൊണ്ടുവരുന്നു. ഭാവിയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും സുസ്ഥിരമായ ഒരു ആഗോള സംവിധാനം സൃഷ്ടിക്കുന്നതിനുമുള്ള പരിശ്രമത്തിന് പ്രാധാന്യമുണ്ടെന്നും അൽറുമയാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.