300 ദശലക്ഷം ഡോളറിന് ഏറ്റെടുത്ത ‘വൈറ്റ്ഹാറ്റ് ജൂനിയർ’ പൂട്ടാനൊരുങ്ങി ബൈജൂസ്: റിപ്പോർട്ട്
text_fieldsപ്രശസ്ത എഡ് ടെക് കമ്പനിയായ ബൈജൂസ് അവരുടെ കോഡിങ് പ്ലാറ്റ്‌ഫോം വൈറ്റ്ഹാറ്റ് ജൂനിയർ (WhiteHat Jr) അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. രണ്ടു വർഷം മുമ്പ് 300 ദശലക്ഷം യുഎസ് ഡോളറിന് ഏറ്റെടുത്ത പ്ലാറ്റ്‌ഫോം, അടുത്ത കാലത്ത് കമ്പനി നേരിട്ട പ്രതിസന്ധി മൂലമാണ് പൂട്ടുന്നതെന്നാണ് സൂചന. ഈയിടെ, 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് തീരുമാനിച്ചിരുന്നു. കേരളത്തിലടക്കമുള്ള ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുകയുമുണ്ടായി.
മലയാളിയായ ബൈജു രവീന്ദ്രന്റെ കമ്പനി ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലുകളിലെ ഏറ്റവും സുപ്രധാനമായിരുന്നു വൈറ്റ്ഹാറ്റ് ജൂനിയർ. കോവിഡ് മഹാമാരിയൊഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ വൈറ്റ്ഹാറ്റ് വഴി കോഡിങ് പഠിക്കുന്നവരുടെ എണ്ണം കാര്യമായി കുറയുകയായിരുന്നു.
അതേസമയം, കമ്പനിക്കു കീഴിലുള്ള സ്ഥാപനങ്ങളുടെ മൂല്യനിർണയം നടന്നു കൊണ്ടിരിക്കുകയാണെന്നും വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്നും ബൈജൂസ് വക്താവ് ഫൈനാൻഷ്യൽ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയായിരുന്നു ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണിത്. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയിലെത്തുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.