രഹസ്യം ചോർത്താൻ കേമൻ, സുരക്ഷാ ഏജൻസികളുടെ പേടിസ്വപ്നം; അറിയാം ചാര ബലൂണുകളുടെ ചരിത്രം
text_fieldsവ്യോമമേഖലയിൽ പ്രവേശിച്ച ചൈനീസ് ചാര ബലൂണിനെ യു.എസ് വെടിവെച്ചിട്ട വാർത്ത പുറത്തുവന്നിട്ട് അധികം സമയമായിട്ടില്ല. ചാര ഉപഗ്രഹങ്ങളുടെ കാലത്ത് ചാര ബലൂണുകൾക്ക് എന്താണ് പ്രസക്തി എന്നാണ് പലരും ചോദിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ അത്ര നിസാരക്കാരല്ല ഈ ചാര ബലൂണുകൾ എന്ന് പറയാം. ഒരുകാലത്ത് ചാപ്പണിയിൽ പുലികളായിരുന്നു ഇവർ.
അൽപ്പം ചരിത്രം
നിരീക്ഷണവിദ്യകളുടെ ഏറ്റവും പഴയ രൂപമായ ചാര ബലൂണുകൾ ലോകത്തിലെ മിക്ക സൈനിക ശക്തികളും വ്യാപകമായി ഉപയോഗിച്ചിരുന്നു. യുദ്ധകാലഘട്ടങ്ങളിൽ ആയിരുന്നു ഇവയുടെ ഉപയോഗം വ്യാപകമായിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ചാര ബലൂണുകളുടെ ഉപയോഗം എറ്റവും കൂടുതൽ ഉണ്ടായിരുന്നത്. ആയിരകണക്കിന് ഹൈഡ്രജൻ ബലൂണുകളാണ് ജപ്പാൻ അന്ന് ഇറക്കിയത്. 1945ൽ മേയിൽ യുഎസിലെ ഒറിഗോണിൽ ഒരു ബലൂൺ പൊട്ടിത്തെറിച്ച് ആറ് പേർ കൊലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ബലൂണുകൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു.
കുറഞ്ഞ ചിലവ്
ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും ഇവയ്ക്ക് പ്രാധാന്യമുണ്ട്.നിർമിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചിലവാകുന്നതും വിക്ഷേപിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമുള്ളതുമായ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് ചാര ബലൂണുകൾ. നിർമാണ ചിലവ് കുറവും വിക്ഷേപണത്തിനും നിയന്ത്രണത്തിനുമുള്ള അനായാസതയുമാണ് ഇവയെ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആധുനിക ക്യാമറകളും ഇമേജിങ് സാങ്കേതിക വിദ്യയുമൊക്കെ ഉൾപ്പെടുത്തിയാണ് ബലൂണുകളുടെ നിർമാണം. ഭൂമിയെ സസൂക്ഷ്മം നിരീക്ഷിക്കാനാകും എന്നതാണ് ഇവയുടെ പ്രത്യേകത.
എയർഫോഴ്‌സിന്റെ എയർപവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2005-ലെ പഠനം അനുസരിച്ച് ബലൂണുകൾ നേരിട്ട് നിയന്ത്രിക്കാൻ കഴിയിലെങ്കിലും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാറ്റിന്റെ ഗതി അനുസരിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാൻ കഴിയും. ഉയരത്തിലുള്ളതും അവിശ്വസനീയമായ വേഗതയിൽ സഞ്ചരിക്കുന്നതുമായ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാര ബലൂണുകൾക്ക് താഴ്ന്നും ചുറ്റിക്കറങ്ങാൻ കഴിയും. ഇതിലൂടെ ആ പ്രദേശത്തെ മികച്ച നിലവാരമുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും സമയമെടുത്ത് ശേഖരിക്കാനും സാധിക്കും.
ചൈനീസ് ചാര ബലൂണുകൾ
ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ് വ്യോമമേഖലയിൽ കുറഞ്ഞത് മൂന്ന് തവണയും ജോ ബൈഡന്റെ കാലത്ത് ഒരു തവണയും ചൈനീസ് ചാര ബലൂണുകൾ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ചാരപ്രവർത്തനത്തിനുള്ള ബലൂൺ അല്ല, മറിച്ച് കാലാവസ്ഥാ പഠനത്തിനായുള്ള സിവിലിയൻ ബലൂൺ ആണ് യുഎസ് വെടിവെച്ചിട്ടത് എന്നാണ് ചൈനയുടെ അവകാശവാദം. കാറ്റിന്റെ ഗതി മാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടതാണെന്നും ചൈന അറിയിച്ചുകഴിഞ്ഞു. മൂന്ന് സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂണായിരുന്നു ഇത്.
മോണ്ടാനയ്ക്കു മുകളിലൂടെ ബലൂൺ പറക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ എത്രയും പെട്ടെന്ന് വെടിവച്ചിടാൻ ബൈഡൻ നിർദേശം നൽകിയത്. ആണവായുധങ്ങൾ സൂക്ഷിച്ചിരുന്ന മേഖലയിൽ ബലൂൺ എത്തിയതോടെ എത്രയും പെട്ടെന്ന് വെടിവച്ചിടാൻ നിർദേശം നൽകുകയായിരുന്നു. ബലൂണിന് വലുപ്പമേറിയതിനാൽ മുകളിൽ നിന്ന് വെടി വയ്ക്കുമ്പോൾ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കപ്പുറം വരെ വീഴാൻ സാധ്യതയുള്ളതിനാലാണ് ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് എത്തിയിട്ടും കടലിനു മുകളിലെത്തി ശേഷം മാത്രം വെടിവച്ചാൽ മതിയെന്ന തീരുമാനത്തിൽ എത്തിയത്.
സൗത്ത് കാരലൈനയുടെ തീരത്തു നിന്ന് ആറു നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് ബലൂൺ വെടിവച്ചിട്ടത്. കടലിൽ അധികം ആഴത്തിലല്ലാതെ വീണ ബലൂൺ വീണ്ടെടുക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്ക. ഏഴു മൈൽ ദൂരത്തിലും 47 അടി ആഴത്തിലുമാണ് ബലൂണിന്റെ അവശിഷ്ടങ്ങൾ വീണിരിക്കുന്നത്. ഇവയുടെ അവശിഷ്ടങ്ങൾ കിട്ടിയതിനു ശേഷം മാത്രമേ ഇനി ബാക്കി കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കൂ.
ചൈനയുടെ ഭീഷണി
ബലൂൺ വെടിവെച്ചിട്ടതില്‍ "അനിവാര്യ പ്രതികരണം" നേരിടേണ്ടി വരുമെന്ന് യു.എസിന് ചൈന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമനടപടിക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യു.എസിന്റെ പ്രവൃത്തിയില്‍ കടുത്ത അസംതൃപ്തിയാണ് ചൈന അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകാവുന്ന രൂക്ഷപ്രതികരണം നേരിടാന്‍ ഒരുങ്ങിയിരിക്കാനും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചാരബലൂൺ സംബന്ധിച്ച് ചൈന ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ബലൂൺ തങ്ങളുടേതാണെന്നും കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയുള്ള ബലൂണ്‍ ദിശതെറ്റി യു.എസിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്നും വിശദീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.