നിയമം ലംഘിച്ചാൽ ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാരിന് നടപടിയെടുക്കാം -ഡൽഹി ഹൈക്കോടതി
text_fieldsരാജ്യത്തെ ഐ.ടി നിയമം ലംഘിച്ചാൽ കേന്ദ്ര സർക്കാരിന് ട്വിറ്ററിനെതിരെ നടപടിയെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ട്വിറ്ററിന് ഇടക്കാല സംരക്ഷണം നൽകില്ലെന്നും കോടതി അറിയിച്ചു. ട്വിറ്റർ പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നില്ലെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. പരാതി പരിഹാര ഉദ്യോഗസ്ഥെൻറ നിയമനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് രേഖ പള്ളി ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏൽപിക്കപ്പെട്ട ചുമതലകളുടെ പരിപൂർണ ഉത്തരവാദിത്തം ഇവർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ട്വിറ്റർ കമ്പനിയിലെ പരാതി പരിഹാര ഓഫീസറുടെ നിയമനം വൈകിപ്പിക്കുന്നതിൽ നേരത്തെ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ ഓഫീസറെ എട്ടാഴ്ചയ്ക്കുള്ളിൽ നിയമിക്കുമെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇന്ത്യക്കാരനെ പരാതിപരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ പിന്നീട് നിയോഗിച്ചെങ്കിലും ഇയാള്‍ രാജിവെച്ചിരുന്നു. ഈ ഒഴിവാണ് ഇനിയും നികത്താത്തത്.
ഹരജിയിൽ വാദംകേൾക്കൽ ജൂലൈ 28ലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 25നാണ് പുതിയ ഐടി നിയമങ്ങൾ പുറത്തുവിട്ടതെന്നും നിയമം അനുസരിക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് മൂന്നു മാസത്തോളം സമയം അനുവദിച്ചിരുന്നുവെന്നും സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. മെയ് 25 കഴിഞ്ഞ് 42 ദിവസം പിന്നിട്ടിട്ടും ട്വിറ്റർ പുതിയ നിയമങ്ങൾ പാലിച്ചിട്ടില്ല. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തോടുള്ള അനാദരവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്തിെൻറ നിയമങ്ങളാണ് പരമോന്നതമെന്നും അത് പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്നും പുതിയതായി ചുമതലയേറ്റ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഏതൊരാളും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് -അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ബി.ജെ.പി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.