“അവിശ്വസനീയമായ നിമിഷം...! ഐ.എസ്.ആർ.ഓയെ അഭിനന്ദിച്ച് സുന്ദർ പിച്ചൈ, സത്യ നാദെല്ല
text_fieldsഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തതിന് പിന്നാലെ, ലോകമെമ്പാടുമുള്ള പ്രമുഖർ അഭിനന്ദനങ്ങൾ ചൊരിയുകയാണ്. ഗൂഗിളിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും ഐഎസ്ആർഒയെ വാനോളം പുകഴ്ത്തി രംഗത്തുവന്നു. ഇന്ത്യൻ വംശജരായ ടെക് മേധാവികൾ രാജ്യത്തിന്റെ ചരിത്ര നേട്ടത്തിനുള്ള തങ്ങളുടെ ആശംസകൾ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
“എന്തൊരു അവിശ്വസനീയമായ നിമിഷം! ഇന്ന് രാവിലെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് @isro-യ്ക്ക് അഭിനന്ദനങ്ങൾ. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ രാജ്യമായി ഇന്ന് ഇന്ത്യ മാറി,” -സുന്ദർ പിച്ചൈ എക്‌സിൽ കുറിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവേശകരമായ നിമിഷമെന്നാണ് ഈ വലിയ നാഴികക്കല്ലിനെ സത്യ നാദെല്ല വിശേഷിപ്പിച്ചത്. 'ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയതിന് @isro-യ്ക്ക് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യയ്ക്കും ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിക്കും എന്തൊരു ആവേശകരമായ നിമിഷമാണ്,” -മൈക്രോസോഫ്റ്റ് മേധാവി എക്‌സിൽ എഴുതി.
അതേസമയം, ചന്ദ്രന്‍റെ മണ്ണിൽ വിജയകരമായി ഇറങ്ങിയ ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ 3 പേടകത്തിന് ഇനിയുള്ള ദിവസങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളുടേതാണ്. ഭൂമിയിലെ 14 ദിവസത്തിന് സമാനമാണ് ചന്ദ്രനിലെ ഒരു ദിവസം. ഈ 14 ദിവസമാണ് ചന്ദ്രയാൻ പേടകത്തിന്‍റെ ഭാഗമായ ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ രാസപരീക്ഷണങ്ങൾ നടത്തുക.
ചന്ദ്രനിലെ പ്ലാസ്മ സാന്ദ്രത നിർണയിക്കാനുള്ള റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (രംഭ), മണ്ണിന്‍റെ താപനില അളക്കുന്നതിനുള്ള ചാന്ദ്രാ സർഫേസ് തെർമോഫിസിക്കൽ എക്സ്പിരിമെന്‍റ് (ചാസ്തെ), ലാൻഡിങ് സൈറ്റിന് ചുറ്റുമുള്ള ഭൂകമ്പ സാധ്യത അളക്കുന്നതിനുള്ള ലൂണാർ സീസ്മിക് ആക്ടിവിറ്റി ഇൻസ്ട്രമെന്‍റ് (ഇൽസ), നാസയിൽ നിന്ന് എത്തിച്ച ചാന്ദ്ര ലേസർ റേഞ്ചിങ് പഠനത്തിനുള്ള ലേസർ റിട്രോറിഫ്ലക്ടർ അറേ (LRA) എന്നീ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്. ഈ ഉപകരണങ്ങൾ ഉപയോഗിച്ച് ലാൻഡ് ചെയ്ത സ്ഥലത്താണ് ലാൻഡർ പരീക്ഷണം നടത്തുക. ഇതിനോടൊപ്പം ചന്ദ്രന്‍റെ ഉപരിതലത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ലാൻഡറിലെ കാമറകൾ പകർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.